ആഗോള ഭീകരനെയും പിന്‍ഗാമിയെയും അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ കരുനീക്കം !

ന്ത്യയിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ രോഗക്കിടക്കയില്‍ ആയതോടെ ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദിനെ നയിക്കുന്നത് അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഗര്‍ ആണ്‌. ഇന്ത്യന്‍ ചാരസംഘടനയായ റോ-ക്കാണ് പാക് ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ തന്ത്രപ്രധാനമായ മാറ്റങ്ങളെക്കുറിച്ചുള്ള ഈ വിവരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ജയിലിലായ മസൂദ് അസ്ഹറിനെ ഇന്ത്യന്‍ വിമാനം റാഞ്ചി മോചിപ്പിച്ച ഓപ്പറേഷനിലെ സൂത്രധാരനാണ് നാല്‍പ്പതുവയസുകാരനായ അബ്ദുല്‍ റൗഫ് അസ്ഗര്‍. മസൂദ് അസ്ഹറിനേക്കാളും അപകടകാരിയായ ഭീകരവാദിയായ ഇയാളുടെ നീക്കങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളിപ്പോള്‍ നിരീക്ഷിച്ചു വരികയാണ്.

മസൂദ് അസ്ഹറിലേക്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം കേന്ദ്രീകരിക്കുമ്പോള്‍ അബ്ദുല്‍ റൗഫ് അസ്ഗറിലൂടെ ഭീകരസംഘടനകളെ യോജിപ്പിച്ച് ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നീക്കങ്ങള്‍ പലതും പൊളിച്ചടുക്കിയിരുന്നത് റോ ആയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലില്‍ മസൂദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട മസൂദ് അസ്ഹറിനെ യു.എ.പി.എ നിയമപ്രകാരം ഇന്ത്യയും കൊടുംഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗോളഭീകരനായി പ്രഖ്യാപിക്കപ്പെട്ട മസൂദ് അസ്ഹറിനെ, രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതോടെ പാക്കിസ്ഥാന് പിന്നീട് ജയിലിലാക്കേണ്ടിയുംവന്നിരുന്നു. എന്നാലിപ്പോള്‍ രഹസ്യമായി ജയില്‍മോചിതനാക്കപ്പെട്ട മസൂദ് അസ്ഹര്‍ ബഹവല്‍പൂരില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും ജയ്ഷെ ഇ മുഹമ്മദിന്റെയും സംരക്ഷണയിലാണ് കഴിയുന്നത്. ഈ വിവരങ്ങള്‍ ഇതിനകം തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

പാക് അധീന കശ്മീരിലെ ബാലക്കോട്ടില്‍ ഭീകരവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മസൂദ് അസ്ഹറിന് നല്‍കിയിരിക്കുന്നത്. വൃക്കകള്‍ തകരാറിലായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള മസൂദ് അസ്ഹറിന്റെ സഹായത്തിനായി രണ്ട് ജയ്ഷെ നേതാക്കളെയും ഐ.എസ്.ഐ നിയോഗിച്ചിട്ടുണ്ട്.

കശ്മീരില്‍ ഇന്ത്യക്കെതിരെ ഭീകരവാദികളെ പാലൂട്ടി വളര്‍ത്തുന്ന കൊടുംഭീകരനായിരുന്നു മസൂദ് അസ്ഹര്‍. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും പാക് സൈന്യത്തിന്റെയും പിന്തുണയോടെ പ്രവര്‍ത്തിച്ച ഈ കൊടുംഭീകരനെ മുന്‍പ് കാശ്മീരിലെത്തിച്ച് പിടികൂടിയത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ തന്ത്രങ്ങളെ തുടര്‍ന്നായിരുന്നു.

കശ്മീരി ഭീകര സംഘടനകളുടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി വ്യാജ പാസ്പോര്‍ട്ടില്‍ കാശ്മീരിലെത്തിയ മസൂദ് അസ്ഹറിനെ തന്ത്രപരമായി ഇന്ത്യന്‍സേന വലയിലാക്കുകയായിരുന്നു. ഭീകരകുറ്റകൃത്യങ്ങള്‍ക്ക് മസൂദ് അസ്ഹര്‍ തടവിലായതോടെ അസ്ഹറിനെ മോചിപ്പിക്കാന്‍ രംഗത്തിറങ്ങിയിരുന്നത് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ആയിരുന്നു. ഭീകരരെ മുന്‍ നിര്‍ത്തിയായിരുന്നു ഈ നീക്കങ്ങള്‍.

1995ല്‍ കാശ്മീരില്‍ നിന്നും വിദേശ ടൂറിസ്റ്റുകളെ അല്‍ഫറാന്‍ എന്ന സംഘടന തട്ടികൊണ്ടുപോയി അസ്ഹറിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയെങ്കിലും ഇന്ത്യ ആ ഭീഷണിക്ക് വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് നടന്ന ഓപ്പറേഷനില്‍ ഒരു ടൂറിസ്റ്റ് രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവര്‍ കൊല്ലപ്പെടുകയായിരുന്നു.

ഇതിനു പിന്നാലെയാണ് 1999തില്‍ ഇന്ത്യന്‍വിമാനം കാണ്ഡഹാറിലേക്ക് തട്ടികൊണ്ടുപോയി യാത്രക്കാരെ ഭീകരര്‍ ബന്ദികളാക്കിയിരുന്നത്. ഇതേതുടര്‍ന്ന് മസൂദ് അസ്ഹറിനെയും രണ്ടു തീവ്രവാദികളെയും മോചിപ്പിക്കാന്‍ ഇന്ത്യയും നിര്‍ബന്ധിതമായി.

മസൂദ് അസ്ഹറിനെ വിട്ടുകൊടുക്കരുതെന്നും കാണ്ഡഹാറില്‍ കമാന്‍ഡോ ഓപ്പറേഷനിലൂടെ യാത്രക്കാരെ മോചിപ്പിക്കാമെന്നുമുള്ള സൈന്യത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചായിരുന്നു ഈ മോചിപ്പിക്കല്‍ തീരുമാനം.

ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലായിരുന്നു അന്നത്തെ ഇന്റലിജന്‍സ് മേധാവി. ഭീകരരുമായി ചര്‍ച്ച നടത്തി മസൂദ് അസ്ഹറടക്കമുള്ളവരെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് ഡോവലായിരുന്നു. വിമാന റാഞ്ചല്‍ ഓപ്പറേഷന് നേതൃത്വം നല്‍കി മസൂദ് അസ്ഹറിനെ മോചിപ്പിച്ചതാകട്ടെ ഇപ്പോള്‍ ജയ്ഷെമുഹമ്മദിന്റെ നേതൃത്വമേറ്റെടുത്ത അബ്ദുല്‍റൗഫ് അസ്ഗര്‍ തന്നെയായിരുന്നു.

പ്രത്യേക വിമാനത്തില്‍ കാണ്ഡഹാറിലെത്തിച്ച കൈമാറിയ മസൂദ് അസ്ഹര്‍ അടക്കമുള്ളവര്‍ അവിടെനിന്നും പാക്കിസ്ഥാനിലേക്കു പോയി ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയാണ് ചെയ്തത്. മസൂദ് അസ്ഹറിനെ വിട്ടയച്ച പിഴവിന് കനത്ത വിലയാണ് പിന്നീട് ഇന്ത്യക്ക് നല്‍കേണ്ടി വന്നിരുന്നത്.

മോചനത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ച് മസൂദ് അസ്ഹര്‍ രാജ്യത്തെ ഞെട്ടിച്ചു. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികളടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് സുരക്ഷാസേനയിലെ രണ്ടു പേരും ഡല്‍ഹി പൊലീസിലെ ആറ് ഉദ്യോഗസ്ഥരും ജീവത്യാഗം ചെയ്താണ് ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തെയും എം.പിമാരെയും രക്ഷിച്ചിരുന്നത്.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ 2008 നവംബര്‍ 11ന് മുംബൈയില്‍ ഭീകരാക്രമണ പരമ്പരയിലൂടെ 174 പേരുടെ ജീവനാണ് മസൂദ് അസ്ഹര്‍ കവര്‍ന്നിരുന്നത്. അന്നു മുതല്‍ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും സൈന്യത്തിന്റെയും സംരക്ഷണയില്‍ മസൂദ് അസ്ഹറിനെ അന്നും സംരക്ഷിക്കുകയായിരുന്നു പാക് ഭരണകൂടം.

നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് 2016ല്‍ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ സൈനികതാവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ഇതിനു പിന്നിലും മസൂദ് അസ്ഹറിന്റെ കരങ്ങളായിരുന്നു. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സൈനിക ട്രക്കുകള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാരുടെ ജീവനാണ് രാജ്യത്തിന് നഷ്ടമായിരുന്നത്. ഇതോടെയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ആവശ്യം ഇന്ത്യ യു.എന്നില്‍ ശക്തമാക്കിയത്.

മസൂദ് അസ്ഹര്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അസ്ഹറിനെ ഇന്ത്യക്കു കൈമാറാനുള്ള നീക്കമൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. അബോട്ടബാദില്‍ നിന്നും അമേരിക്ക ബിന്‍ലാദനെ പിടികൂടിയതു പോലെയുള്ള സൈനിക ഓപ്പറേഷനിലൂടെ ഇന്ത്യ മസൂദ് അസ്ഹറിനെ പിടകൂടമെന്ന ഭീതി പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുമുണ്ട്.

പാക് സൈന്യത്തിന്റെ കൂടി സംരക്ഷണയിലാണിപ്പോള്‍ മസൂദ് അസ്ഹര്‍ കഴിയുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയും 370ാം വകുപ്പും റദ്ദാക്കിയ ഇന്ത്യക്കെതിരെ ശക്തമായ പ്രതികരണമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയിരുന്നത്. കാശ്മീരികള്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ പോരാടുമെന്നു പ്രഖ്യാപിച്ച ഇമ്രാന്‍ സിയാല്‍കോട്ട്, രാജസ്ഥാന്‍, ജമ്മു അതിര്‍ത്തികളില്‍ പാക് സൈനിക വിന്യാസവും ശക്തമാക്കിയിരുന്നു.

കശ്മീരിലേക്ക് നുഴഞ്ഞുകയറി ഭീകരാക്രമണത്തിനായി പാക് സൈന്യവും ഐ.എസ്.ഐയും തീവ്രവാദികളെയും സജ്ജമാക്കിയിട്ടുണ്ട്. കശ്മീരിലും അതിര്‍ത്തിയിലും സേനാ വിന്യാസം ശക്തമാക്കിയാണ് ഇന്ത്യ ഈ നീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നിരവധി തീവ്രവാദികളെ കൊന്നൊടുക്കി ശക്തമായ തിരിച്ചടിയാണ് സൈന്യം പാക്കിസ്ഥാന് നല്‍കിയിരിക്കുന്നത്. നേരിട്ടുള്ള ആക്രമണത്തേക്കാള്‍ ചാവേറുകളെ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ക്കാണ് ജയ്ഷെ മുഹമ്മദ് വീണ്ടുമിപ്പോള്‍ പദ്ധതിയൊരുക്കുന്നത്. രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ സുരക്ഷാസേനകളും അതീവ ജാഗ്രതയിലാണ്.

ഇനി ഒരു ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാന് വലിയ വിലയാണ് കൊടുക്കേണ്ടി വരിക എന്ന മുന്നറിയിപ്പ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ തന്നെ നല്‍കി കഴിഞ്ഞു. ഇന്ത്യയുടെ ഏത് തരം പ്രതിരോധത്തിനും റഷ്യയും ഫ്രാന്‍സും ഇസ്രയേലും ശക്തമായ പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മിന്നല്‍ ആക്രമണത്തിന് പൂര്‍ണ്ണ സജ്ജമായാണ് ഇന്ത്യയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഒരാക്രമണം, അതിനി ഭീകരരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ പാക്ക് അധീന കശ്മീര്‍തന്നെ ശവപ്പറമ്പാകും, അക്കാര്യം ഉറപ്പാണ്.

Staff Reporter

Top