വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി പരിശോധിച്ച് വരികയാണെന്ന് ഐടി മന്ത്രി

ന്യൂഡൽഹി: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ടുള്ള വിഷയം പരിശോധിച്ച് വരികയാണെന്നും അന്തിമ അധികാര കേന്ദ്രമെന്ന നിലയിൽ ഈ കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയാകില്ലെന്നും ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. വ്യക്തിഗത ആശയവിനിമയത്തിന്റെ പവിത്രതയും പദവിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകപക്ഷീയമായ മാറ്റങ്ങൾ ന്യായവും സ്വീകാര്യവുമല്ലെന്നും ഈ മാസം ആദ്യം പ്രഖ്യാപിച്ച പുതിയ സ്വകാര്യതാനയം മാറ്റണമെന്നും ആവശ്യപ്പെട്ട് ഐടി മന്ത്രാലയം വാട്സ്ആപ്പ് സിഇഒ വിൽ കാത്‌കാർട്ടിന് കത്തെഴുതിയിരുന്നു.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങി ഏത് ഡിജിറ്റൽ പ്ലാറ്റ്ഫോമായാലും അവർക്ക് ഇന്ത്യയിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അത് ഇന്ത്യക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന വിധത്തിലാവരുതെന്നും മന്ത്രി വ്യക്തമാക്കി. വാട്സ്ആപ്പ് വഴി ഒരു ഡോക്ടർ തന്റെ രോഗിയോട് സംസാരിക്കുന്നതും ഒരു അഭിഭാഷകൻ തന്റെ കക്ഷികളുമായി സംസാരിക്കുന്നതും ബന്ധുക്കൾ പരസ്പരം സംസാരിക്കുന്നതും അടക്കമുള്ള ആശയവിനിമയങ്ങളുടെ പവിത്രത സംരക്ഷിക്കപ്പെടണമെന്നും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ വാട്സാപ്പിന്റെ പുതിയ നയവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഔദ്യോഗിക നിലപാട് പുറത്തുവരുമെന്ന സൂചനയും മന്ത്രി നൽകി.

Top