ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയാണോ ക്രുനാല്‍ പാണ്ഡ്യയാണോ കേമന്‍

മുംബൈ: ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങളില്‍ ജഡേജയുടെ പേരും ഉയര്‍ന്നുവന്നതോടെ ട്വിറ്ററില്‍ ആരാധകരുടെ പോര്. ഇന്‍സ്റ്റഗ്രാമില്‍ 17ലക്ഷവും ട്വിറ്ററില്‍ 26 ലക്ഷവും ഫോളോവേഴ്‌സുള്ള ജഡേജയുടെ ആരാധകര്‍ കൂട്ടത്തോടെ പ്രതികരണവുമായി എത്തിയതോടെ ക്രുനാല്‍ പാണ്ഡ്യ ആരാധകര്‍ നിശബ്ദരായി.

2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂിസലന്‍ഡിനെതിരെ ഇന്ത്യ തോല്‍വി ഉറപ്പിച്ചിരിക്കെ രവീന്ദ്ര ജഡേജ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഓര്‍മ്മിപ്പിച്ചാണ് ജഡേജ ആരാധകര്‍ ക്രുനാല്‍ ആരാധകര്‍ക്ക് മറുപടി നല്‍കിയത്. 59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജയുടെ പ്രകടനമാണ് ലോകകപ്പ് സെമിയില്‍ ഇന്ത്യയെ വിജയത്തിന് അടുത്ത് എത്തിച്ചത്.

ഇന്ത്യക്കായി 49 ടെസ്റ്റ് ഉള്‍പ്പെടെ 250 മത്സരങ്ങള്‍ കളിച്ച ജഡേജയെയും ഇന്ത്യക്കായി 18 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ക്രുനാല്‍ പാണ്ഡ്യയെയും താരതമ്യം ചെയ്യാനാവില്ലെന്നും ജഡേജ ആരാധകര്‍ പറയുന്നു. ഇരുവരെയും താരതമ്യം ചെയ്യാനുള്ള ഒരേയൊരു കാരണം രണ്ടുപേരും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരാണെന്നത് മാത്രമാണെന്നും ആരാധകര്‍ പറയുന്നു.

മികച്ച ലൈനില്‍ പന്തെറിയുന്ന ജഡേജ സെക്കന്‍ഡുകള്‍ കൊണ്ടാണ് തന്റെ ഓവര്‍ പൂര്‍ത്തിയാക്കുകയെന്നും വിക്കറ്റിനിടയിലുള്ള ഓട്ടത്തിലും ഫീല്‍ഡിംഗിലും ജഡേജയെ വെല്ലാനാരുമില്ലെന്നും ജഡ്ഡു ആരാധകര്‍ പറയുന്നു. ഏകദിന ലോകകപ്പില്‍ രണ്ടേ രണ്ട് മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും ഔട്ട് ഫീല്‍ഡിലും ഇന്നര്‍ റിംഗിലുമായി 41 റണ്‍സ് രക്ഷപ്പെടുത്തിയ ജഡേജയായിരുന്നു ലോകകപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡറെന്നും ആരാധകര്‍ കണക്കുകള്‍ സഹിതം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി പോലും ജഡേജയെ സര്‍ ജഡേജയെന്നാണ് വിളിക്കുന്നതെന്ന ട്വീറ്റും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

Top