ഭാര്യയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി രവീന്ദ്ര ജഡേജ ; റിവാബ ജഡേജ ഗുജറാത്തിലെ ബിജെപി സ്ഥാനാർത്തി

ദില്ലി: ഗുജറാത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഭാര്യ റിവാബ ജഡേജയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ പ്രചാരണത്തിന് ഇറങ്ങി. തിങ്കളാഴ്ച റിവാബ ജഡേജ ജാംനഗറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ ആണ് രവീന്ദ്ര ജഡേജ പങ്കെടുത്തത്.

നേരത്തെ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ജ‍ഡേജ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. “ബിജെപി സീറ്റിലേക്ക് അവസരം ലഭിച്ചതിന് എന്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ നടത്തിയ എല്ലാ പ്രയത്നങ്ങളിലും കഠിനാധ്വാനത്തിലും അഭിമാനിക്കുന്നു”.

‘എന്റെ ആശംസകൾ, സമൂഹത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുക. അവരുടെ കഴിവുകളിൽ വിശ്വസിച്ച് മഹത്തായ ജോലി ചെയ്യാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ട്വിറ്റെറിൽ പങ്കിട്ട കുറിപ്പിൽ ജഡേജ പറയുന്നു.

റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗർ നോർത്ത് സീറ്റിൽ നിന്നാണ് ബിജെപിക്കായി ജനവിധി നേടുന്നത്. 2019ലാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയിൽ റിവാബ അംഗംമാകുന്നത്. ജാംനഗർ നോർത്ത് സീറ്റിൽ നിന്ന് നിലവിലെ എംഎല്‍എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്.

2016ലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ റിവാബ വിവാഹം കഴിക്കുന്നത്. റിവാബ ജഡേജ വിവാഹത്തിന് മുമ്പ് റിവാബ സോളങ്കി എന്നാണ് അറിയപ്പെട്ടിരുന്നു. ഹർദേവ് സിംഗ് സോളങ്കിയുടെയും പ്രഫുല്ലബ സോളങ്കിയുടെയും മകളാണ്.

ഗുജറാത്തിലെ രാജ്‌കോട്ടിലെ ആത്മീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ഇവര്‍, കോൺഗ്രസ് നേതാവായ ഹരി സിംഗ് സോളങ്കിയുടെ മരുമകളാണ്.

1990 സെപ്തംബർ 5 ന് ജനിച്ച റിവാബ ജഡേജയുടെ ആദ്യ രാഷ്ട്രീയ പോരാട്ടമാണ് ജാംനഗർ നോർത്ത് സീറ്റിലേത്. 2019 ൽ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് വലതുപക്ഷ സംഘടനയായ കർണി സേനയുടെ വനിതാ വിഭാഗത്തിന്റെ മേധാവിയായിരുന്നു റിവാബ ജഡേജ.

Top