ravindra gaikwad engages in verbal spat with cops

മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് വിവാദം സൃഷ്ടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദ് വീണ്ടും വിവാദത്തില്‍.

ഇത്തവണ എടിഎം പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ പൊലീസുകാരനോട് കയര്‍ത്തു സംസാരിക്കുന്ന ഗെയ്ക് വാദിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ ലത്തൂരിലെ ഒരു എടിഎമ്മിന് മുന്നില്‍ ഗെയ്ക് വാദ് പ്രതിഷേധം നടത്തുന്നതും പോലീസുകാരനോട് തര്‍ക്കിക്കുന്നതും കാണാം.

എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതിരുന്നതാണ് ശിവസേന എംപിയെ പ്രകോപിതനാക്കിയത്. പണം എടുക്കാനായി ഗെയ്ക് വാദ് സഹായിയെ അയച്ചെങ്കിലും പണമില്ലാത്തതിനാല്‍ അയാള്‍ വെറും കൈയ്യോടെയാണ് മടങ്ങിയെത്തിയത്. മറ്റു ചില എടിഎമ്മുകളില്‍ കയറി നോക്കിയെങ്കിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇതോടെയാണ് അനുയായികളുമായി എടിഎമ്മിന് പുറത്ത് ഗെയ്ക് വാദ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഗതാഗത തടസം സൃഷ്ടിക്കുന്നതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എം പി അത് നിഷേധിക്കുകയായിരുന്നുവെന്ന്‌
പൊലീസ് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ രൂക്ഷമായാണ് ഗെയക് വാദ് പ്രതികരിച്ചത്.

എടിഎമ്മുകളില്‍ കഴിഞ്ഞ 15 ദിവസമായി പണമില്ല. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. നോട്ടു നിരോധനത്തിന് ശേഷം പണം ലഭ്യമാക്കാന്‍ 50 ദിവസമാണ് ബിജെപി ആവശ്യപ്പെട്ടത്. ഞങ്ങള്‍ 100 ദിവസം നല്‍കി. ഇത് കേന്ദ്ര ധനമന്ത്രിയുടെയും മഹാരാഷ്ട്ര ധനമന്ത്രിയുടെയും കളിയാണെന്നും ഗെയ്ക് വാദ് ആരോപിച്ചു.

ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഗെയ്ക് വാദിനെതിരെ നടപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്ത് എയര്‍ ഇന്ത്യ ഡല്‍ഹി പൊലീസിന് കത്തെഴുതിയ ദിവസമാണ് സംഭവം നടന്നത്.

Top