Ravichandran Ashwin Becomes Fastest Bowler To Claim 250 Wickets

ന്യൂഡല്‍ഹി: റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരുനേട്ടം കൂടി ചേര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ എന്ന ഖ്യാതിയാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ നായകന്‍ മുഷ്ഫിക്കര്‍ റഹിമായിരുന്നു അശ്വിന്റെ 250ാം ഇര. ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലിലിയെയാണ് നേട്ടത്തില്‍ അശ്വിന്‍ പിന്നിലാക്കിയത്. 45ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം.

2016ല്‍ 12 ടെസ്റ്റുകളില്‍നിന്ന് 72 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ, വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അശ്വിന്‍ സ്വന്തംപേരിലെഴുതി.

37 ടെസ്റ്റുകളില്‍നിന്ന് നാഴികക്കല്ല് പിന്നിട്ട അശ്വിന്‍ വഖാര്‍ യൂനിസിനെയും ഡെന്നിസ് ലിലിയെയുമാണ് നേട്ടത്തില്‍ മറികടന്നത്. 36 ടെസ്റ്റില്‍നിന്ന് 200 വിക്കറ്റ് നേടിയ ഓസീസ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മറ്റിന്റെ പേരിലാണ് റെക്കോര്‍ഡ്.

Top