ലോകകപ്പിന് ശേഷവും രവിശാസ്ത്രി ഇന്ത്യന്‍ ടീമില്‍ തുടരും

ലോകകപ്പ് അവസാനിക്കുന്നതോടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടുമെന്ന് സൂചന. രവിശാസ്ത്രീയുടെ കരാര്‍ ലോകകപ്പ് വരെയാണ് ഉണ്ടായിരുന്നത്. കോച്ച് രവി ശാസ്ത്രിയ്‌ക്കൊപ്പം ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കരാറും ലോകകപ്പിനു ശേഷം അവസാനിക്കാനിരിക്കെയായിരുന്നു.

എന്നാല്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഇവര്‍ക്ക് 45 ദിവസത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

തീരുമാനത്തിന്റെ വിശദാംശം ബിസിസിഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ 45 ദിവസത്തെ കാലയളവില്‍ വിനോദ് റായ് നയിക്കുന്ന സിഒഎ ഇന്ത്യന്‍ ടീമിലെ പരിശീലക സംഘത്തിലേക്കുള്ള ഇന്റര്‍വ്യൂ നടത്തി ഒഴിവുകള്‍ നികത്തുമെന്നാണ് അറിയുന്നത്.

Top