ടി-20 ലോകകപ്പിനു ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയും

മുംബൈ: ടി-20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രി ഒഴിയും. ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരും സ്ഥാനമൊഴിയും. ലോകകപ്പോടെ മൂവരുടെയും കാലാവധി അവസാനിക്കും. അതേസമയം, ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ സ്ഥാനത്ത് തുടരും.

ശാസ്ത്രി സ്ഥാനമൊഴിയുമ്പോള്‍ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗിനെയും രാഹുല്‍ ദ്രാവിഡിനെയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. സെവാഗ് മുന്‍പ് ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. അതേസമയം, ദ്രാവിഡിനാവട്ടെ ഇന്ത്യ അണ്ടര്‍-19, ഇന്ത്യ എ ടീമുകളെ പരിശീലിപ്പിച്ച് പരിചയസമ്പത്തുണ്ട്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിന്റെ ക്യാപ്റ്റനും ദ്രാവിഡായിരുന്നു.

അതേസമയം, നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ ദ്രാവിഡ് സ്ഥാനത്ത് തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തെപ്പറ്റി ദ്രാവിഡിനോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ മുഖ്യ പരിശീലകനായേക്കുമെന്നും സൂചനയുണ്ട്.

 

Top