മാറ്റിവച്ച ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റില്‍ കമന്ററി പറഞ്ഞേക്കുമെന്ന് രവി ശാസ്ത്രി

താന്‍ കമന്ററി ബോക്‌സിലേക്ക് തിരികെയെത്തിയേക്കുമെന്ന സൂചനയുമായി ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ കമന്ററി ബോക്‌സില്‍ താന്‍ ഉണ്ടാവുമെന്നാണ് ശാസ്ത്രി പറഞ്ഞത്. 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കവെയാണ് കൊവിഡ് ബാധ ചൂണ്ടിക്കാട്ടി മത്സരം മാറ്റിവച്ചത്.

തനിക്കെതിരായ ട്രോളുകളോടും ശാസ്ത്രി പ്രതികരിച്ചു. ”അതൊക്കെ തമാശയാണ്. എന്റെ പേരില്‍ തമാശ ആസ്വദിക്കാനാണ് അവരത് ചെയ്യുന്നത്. ഞാന്‍ ചിരിക്കും. എന്റെ പേരില്‍ നിങ്ങളൊരു പെഗ് കഴിക്കൂ. ഞാന്‍ നാരങ്ങാവെള്ളമോ പാലോ തേനോ കഴിക്കും. നിങ്ങള്‍ മദ്യം കഴിക്കൂ. എന്റെ പേരില്‍ ആസ്വദിക്കൂ.”- ശാസ്ത്രി പറഞ്ഞു.

നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ദേശീയ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചിരുന്നു. ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനം മുതല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനായി തുടരും.

 

Top