രവി ശാസ്ത്രി ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുന്നു

വി ശാസ്ത്രി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിയുന്നു. ഇക്കൊല്ലം യുഎഇയില്‍ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ കാലാവധി. കാലാവധിക്ക് ശേഷം ശാസ്ത്രിക്ക് വീണ്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം.

2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യന്‍ ടീം പരിശീലകനായത്. 2019 ഓഗസ്റ്റില്‍ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടി നല്‍കി. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപില്‍ദേവിന് പുറമേ മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.

രവി ശാസ്ത്രി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, മൈക്ക് ഹെസണ്‍, ടോം മൂഡി, ഫില്‍ സിമ്മണ്‍സ് എന്നിവരാണ് സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നത്. 2014ല്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി ആദ്യം ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയ ശാസ്ത്രിക്ക് 2016 ടി-20 ലോകകപ്പോടെ ഈ ചുമതല അവസാനിച്ചു. അക്കൊല്ലം കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി. എന്നാല്‍ അടുത്ത വര്‍ഷം തന്നെ ശാസ്ത്രി പരിശീലക സ്ഥാനത്ത് എത്തുകയായിരുന്നു.

 

Top