യുഎസ് നിയമത്തിലൂടെ തന്റെ അഭിപ്രായങ്ങളെ നിയന്ത്രിക്കാമെന്ന് ട്വിറ്റര്‍ കരുതേണ്ടെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: ട്വിറ്ററിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ പകര്‍പ്പവകാശ നിയമം മനസിലാക്കിയിട്ട് വേണം അമേരിക്കന്‍ പകര്‍പ്പവകാശനിയമം നടപ്പാക്കാനെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. യുഎസ് നിയമത്തിലൂടെ തന്റെ അഭിപ്രായങ്ങളെ നിയന്ത്രിക്കാമെന്ന് ട്വിറ്റര്‍ കരുതേണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പകര്‍പ്പവകാശ ലംഘനമുണ്ടായെന്ന് കാണിച്ച് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു. 2017 ഡിസംബര്‍ 16ന് ചെയ്ത ഒരു ട്വീറ്റ് പകര്‍പ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുടര്‍ന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. വിജയ ദിവസ് അനുസ്മരിച്ച് അപ്ലോഡ് ചെയ്ത വീഡിയോയില്‍ എ ആര്‍ റഹ്മാന്റെ മാ തുജേ സലാം എന്ന ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരുന്നു. ഈ പാട്ടിന്റെ പകര്‍പ്പാവകാശം സോണി മ്യൂസിക്കിനാണെന്നും ഈ പരാതിയിലാണ് നടപടിയെന്നും ഇനിയും പരാതികള്‍ ഉണ്ടായാല്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യുമെന്നും ട്വിറ്റര്‍ മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top