ജഡ്ജിയെ സ്ഥലം മാറ്റിയ സംഭവം; വിവാദമായപ്പോള്‍ വിശദീകരണവുമായി നിയമമന്ത്രി

ന്യൂഡല്‍ഹി: ആരും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കേണ്ട മുരളീധറിന്റെ സമ്മതം നേടിയ ശേഷമാണ് സ്ഥലം മാറ്റം നടത്തിയതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡല്‍ഹി കലാപ കേസ് പരിഗണിക്കുകയും, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെിരെ കേസെടുക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കണമെന്നും പറഞ്ഞതിനായിരുന്നു അര്‍ദ്ധരാത്രി തന്നെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയത്. എന്നാല്‍ ഈ നീക്കത്തിനെതിരെ രാജ്യത്തിന്റെ വിവധ ഭാഗത്ത് നിന്ന് നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. തുടര്‍ന്നാണ് നിയമമന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സ്വാഭാവിക നടപടി മാത്രമാണിത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളിജിയം ശുപാര്‍ശയിലാണ് നടപടി. ഒരു സാധാരണ ട്രാന്‍സ്ഫറിനെ രാഷ്ട്രീയവത്ക്കരിക്കുന്ന കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്’ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

എസ് മുരളീധറിനെ സ്ഥലം മാറ്റിയ കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നു. നടപടി ഞെട്ടിക്കുന്നതല്ല മറിച്ച് നാണക്കേടുണ്ടാക്കുന്നതാണ് എന്നായിരുന്നു അവരുടെ പ്രതികരണം.

അര്‍ദ്ധരാത്രിയുടെ മറവില്‍ ബിജെപി നടത്തുന്ന വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയായി മാറിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധര്‍.

Top