കാന്റീന്‍ പരാമര്‍ശം: മായങ്കിനെ അധിക്ഷേപിച്ച കമന്റേറ്റര്‍ക്ക് കിടിലന്‍ മറുപടിയുമായി രവി ശാസ്ത്രി

മെല്‍ബണ്‍: ഇന്ത്യ-ഓസിസ് മൂന്നാം ടെസ്റ്റില്‍ സൂപ്പര്‍ അര്‍ദ്ധ സെഞ്ച്വറിയുമായി അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ അധിക്ഷേപിച്ച കെറി ഒകീഫെയ്ക്ക് മറുപടിയുമായി രവി ശാസ്ത്രി.

കെറി എന്നെങ്കിലും കാന്റീന്‍ തുറക്കുകയാണെങ്കില്‍ മായങ്കിന് അവിടെനിന്നും ഒരു കോഫി നുണയാന്‍ താത്പര്യമുണ്ടെന്നും അതുവഴി ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും കോഫികള്‍ തമ്മില്‍ താരതമ്യം ചെയ്യാമെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.

ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിന്റെ ഓസ്‌ട്രേലിയന്‍ കമന്റേറ്ററായ കെറി ഒകീഫെ മായങ്കിന്റെ പ്രകടനം വിലയിരുത്തുന്നതിനിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മായങ്ക് നേടിയ ട്രിപ്പിള്‍ സെഞ്ച്വറി കാന്റീന്‍ ഇലവനെതിരെയാണെന്നാണ് ഒകീഫയുടെ പരിഹാസം. ഒകീഫെ മാത്രമല്ല ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണറായ മാര്‍ക്ക് വോയും മായങ്കിന്റെ ആഭ്യന്തര പ്രകടനത്തെ തരംതാഴ്ത്തി സംസാരിച്ചു. ഇന്ത്യയില്‍ മായങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരിക്കാം. എന്നാല്‍ ഓസ്‌ട്രേലിയയിലെ 40ന് തുല്യമാണ് ഈ ശരാശരിയെന്നായിരുന്നു വോ പറഞ്ഞത്.

എന്നാല്‍ ഈ സംഭാഷണങ്ങള്‍ പുറത്തു വന്നതോടെ വിവാദമായി മാറുകയായിരുന്നു അതോടെ മായങ്കിനോട് ക്ഷമ ചോദിച്ച് ഒകീഫെ രംഗത്തെത്തി. അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് പ്രകടന മികവെന്ന് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഒകീഫെ അറിയിച്ചു.

ഓസ്‌ട്രേലിയക്കാര്‍ പരിഹസിച്ചെങ്കിലും അരങ്ങേറ്റത്തില്‍ 76 റണ്‍സെടുത്താണ് മായങ്ക് പുറത്തായത്. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം നടത്തി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍താരമെന്ന ബഹുമതിയും ഇതുവഴി മായങ്കിന് സ്വന്തമായി മാറി.

Top