ഇന്ത്യയില്‍ രവി പൂജാരി, സെനഗലില്‍ ആന്റണി ഫെര്‍ണാണ്ടസ്; സംഭവബഹുലം ആഫ്രിക്കന്‍ ഒളിവു ജീവിതം

ബംഗളുരു: അധോലോക നായകന്‍ രവി പൂജാരിയുടെ സെനഗലിലെ ഒളിവ് ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രവി പൂജാരി ഒളിവില്‍ കഴിഞ്ഞിരുന്നു. ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുന്നതിനിടയിലാണ് പൂജാരി പിടിയിലായത്. സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്.

സെനഗലില്‍ കഴിഞ്ഞ മാസം പത്തൊമ്പതിന് തന്നെ പൂജാരി അറസ്റ്റിലായിരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാളെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുന്നതിനിടെ പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിച്ചത്.

നാല് മാസം മുമ്പാണ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത്. സെനഗലിലും ബുര്‍ക്കിന ഫാസോയിലുമായി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗല്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.ബുര്‍ക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ പൂജാരി സെനഗലിലേക്ക് കടന്നുകളഞ്ഞു. അവിടെ നിന്നാണ് പൂജാരി പൊലീസ് വലയിലായത്. സെനഗലിലെ പട്ടണമായ ഡാക്കറില്‍ നമസ്‌തേ ഇന്ത്യ എന്ന പേരില്‍ ഒരു റസ്റ്റോറന്റും പൂജാരി നടത്തിയിരുന്നു.

15 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്ന രവി പൂജാരിക്ക് ഇന്ത്യയില്‍ മാത്രം 60-ല്‍ അധികം കേസുകളുണ്ട്. മുംബൈയെ ഒരു കാലത്ത് അടക്കി ഭരിച്ചിരുന്ന അധോലോക ക്രിമിനലാണ് രവി പൂജാരി. എന്നാല്‍ അറസ്റ്റിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. രവി പൂജാരിക്കെതിരെ മുംബൈ പൊലീസും ബെംഗലൂരു പൊലീസും ഗുജറാത്ത് പൊലീസും റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷമാണ് രവി പൂജാരിയുടെ പേര് കേരളത്തില്‍ ഏറെ ചര്‍ച്ചയായത്. വെറും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള രവി പൂജാരിക്ക് ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം വിവിധ ഭാഷകളില്‍ അറിവുണ്ട്.

മുബൈയില്‍ നിന്ന് രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജന്‍ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്ക് കൊണ്ടുവന്നത്. 1990ല്‍ സഹാറില്‍ ബാലാ സല്‍ട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി.

തുടര്‍ന്നു ഹോട്ടല്‍ ഉടമകളില്‍നിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ല്‍ ഛോട്ടാരാജന്‍ ബാങ്കോക്കില്‍ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേര്‍ന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍.

2007ല്‍ ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിനെയും 2009ല്‍ നിര്‍മാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വര്‍ഷം ഏപ്രിലില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തി. പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെ ആരംഭിച്ചു.

Top