രവി പൂജാരി തന്നേയും ഭീഷണിപ്പെടുത്തിയിരുന്നു; വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്

കൊച്ചി: പിടിയിലായ അധോലോക നായകന്‍ രവി പൂജാരി തന്നേയും ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

ആഫ്രിക്കയില്‍നിന്ന് രണ്ടാഴ്ച മുമ്പ്‌ എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അടുത്തിടെ രവി പൂജാരിയുടെ പേര് ഉയര്‍ന്നുവരുന്നത്. കേസില്‍ രവി പൂജാരിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. മൂന്നാം പ്രതിയാണ് രവി. ആഫ്രിക്കയിലെ സെനഗലില്‍ വെച്ച് അറസ്റ്റിലായ പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടു വരുവാനുള്ള നീക്കത്തിലാണിപ്പോള്‍ പൊലീസ്.

Top