അതാണ് മോദി, അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയെ പൊക്കി !

ന്യൂഡല്‍ഹി: കൊച്ചിയില്‍ വെടിവയ്പ് നടത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരെ ഭീഷണി മുഴക്കിയും വിവാദം സൃഷ്ടിച്ച അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. സൗത്ത് ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പിടിയിലായത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ശക്തമായ കരുനീക്കങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലുമാണ് ഈ കൊടും കുറ്റവാളിയുടെ അറസ്റ്റില്‍ കലാശിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

15 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്ന രവി പൂജാരിക്ക് ഇന്ത്യയില്‍ മാത്രം 60-ല്‍ അധികം കേസുകളുണ്ട്. മുംബൈയെ ഒരു കാലത്ത് അടക്കി ഭരിച്ചിരുന്ന അധോലോക ക്രിമിനലാണ് രവി പൂജാരി. എന്നാല്‍ അറസ്റ്റിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. രവി പൂജാരിക്കെതിരെ മുംബൈ പൊലീസും ബെംഗലൂരു പൊലീസും ഗുജറാത്ത് പൊലീസും റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷമാണ് രവി പൂജാരിയുടെ പേര് കേരളത്തില്‍ ഏറെ ചര്‍ച്ചയായത്. വെറും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള രവി പൂജാരിക്ക് ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം വിവിധ ഭാഷകളില്‍ അറിവുണ്ട്.

മുബൈയില്‍ നിന്ന് രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജന്‍ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്ക് കൊണ്ടുവന്നത്. 1990ല്‍ സഹാറില്‍ ബാലാ സല്‍ട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി.

തുടര്‍ന്നു ഹോട്ടല്‍ ഉടമകളില്‍നിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ല്‍ ഛോട്ടാരാജന്‍ ബാങ്കോക്കില്‍ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേര്‍ന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍.

2007ല്‍ ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിനെയും 2009ല്‍ നിര്‍മാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വര്‍ഷം ഏപ്രിലില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തി. പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെ ആരംഭിച്ചു.

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ നേട്ടമാണ് ഈ അറസ്റ്റ്. മറ്റൊരു അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനും റോ വലവിരിച്ചിട്ടുണ്ട്. ജീവനോടെ, അല്ലങ്കില്‍ കൊന്നുകളയുക എന്നതാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കറാച്ചിയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് ഇടക്ക് ദുബൈയില്‍ വരാറുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

Top