അജിത് കുമാറിന്റെ വിശ്വാസത്തില്‍ ജോയിന്‍ ചെയ്ത് രവി അവാന

ജിത് കുമാറും ശിവയും ഒന്നിക്കുന്ന ചിത്രം വിശ്വാസത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നടന്‍ രവി അവാനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശ്വാസത്തില്‍ വില്ലന്‍ വേഷത്തിലാകും രവി പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ഇരട്ട വേഷത്തിലാണ് അജിത് എത്തുന്നത്.

വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതിനാല്‍ ഈ ചിത്രത്തിനും പ്രതീക്ഷകള്‍ ഏറെയാണ്.

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.

മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ‘ഉണക്കെന്ന വേണം സൊല്ല്’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

Top