രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ഇ ഡി ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്ത് മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യംചെയ്തു. രാവിലെ 9.30 ഓടെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായ അദ്ദേഹത്തെ ചോദ്യംചെയ്യുന്നത് രാത്രി വൈകിയാണ് അവസാനിച്ചത്. സി.എം രവീന്ദ്രന്റെ വിദേശയാത്രകൾ, സ്വർണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.

വിദേശയാത്രകളുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്ച അത്തരത്തിലുള്ള രേഖകളൊന്നും രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാക്കിയില്ല. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കൂടുതൽ സമയം ഇടവേളകൾ നൽകിയാണ് രവീന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോൾ അതിന്റെ ദൈർഘ്യം പരിമിതപ്പെടുത്താൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

Top