രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍; രാഷ്ട്രീയ പകപോക്കലെന്ന എം ഐ രവീന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതം; കെ രാജന്‍

തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന എം ഐ രവീന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എം ഐ രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പട്ടയം നല്‍കിയതെന്നും വ്യാജ പട്ടയങ്ങള്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു എം ഐ രവീന്ദ്രന്റെ വാദം.

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയര്‍ന്ന പേരാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. 1999ല്‍ അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ ഇറക്കിയ പട്ടയങ്ങള്‍ വന്‍വിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് വാരിക്കോരി പട്ടയങ്ങള്‍ നല്‍കിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങള്‍ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ചട്ടവും ലംഘിച്ചാണ് നല്‍കിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ ഉത്തരവ്.

ഇടുക്കിയിലെ പല പാര്‍ട്ടി ഓഫീസുകള്‍ക്കും രവീന്ദ്രന്‍ പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തില്‍ നിലവിലെ ഉടമള്‍ക്ക് പുതിയ അപേക്ഷ വേണമെങ്കില്‍ നല്‍കാം. ഇത് ഡെപ്യട്ടി തഹസില്‍ദാരും റവന്യും ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളില്‍ നടപടികള്‍ തീര്‍ക്കണമെന്നാണ് ഉത്തരവ്.

Top