കന്നി സെഞ്ച്വറിയില്‍ രവീന്ദ്ര ജഡേജ; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ സ്‌കോര്‍

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. രവീന്ദ്ര ജഡേജ കൂടി സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 600 കടക്കുകയായിരുന്നു.

ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. 100 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റണ്‍സുമായി മുഹമ്മദ് ഷമിയും ക്രീസില്‍ നില്‍ക്കെയാണ് കൊഹ്‌ലി ഇരുവരെയും മടക്കി വിളിച്ചത്.

92 റണ്‍സെടുത്ത റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏറെ വൈകാതെ 139 റണ്‍സെടുത്ത ക്യാപ്റ്റന്‍ കൊഹ് ലിയും മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ജഡേജ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു.

ആദ്യദിനത്തില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയിരുന്നു. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്‌സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റേന്തുമ്പോള്‍ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17ാം വയസ്സില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ സച്ചില്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍.

കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. റണ്‍സൊന്നും എടുക്കാതെയാണ് രാഹുല്‍ കളം വിട്ടത്. ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ 41 റണ്‍സെടുത്ത് പുറത്തായി.

Top