രാമായണം പരമ്പരയിലെ രാവണന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു

മുംബൈ: രാമായണത്തിലെ രാവണ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കുറച്ചു കാലമായി അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നുവെന്നും ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തന തകരാറും ഹൃദയഘാതത്തെയും തുടര്‍ന്നാണ് മരണമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അരവിന്ദിന്റെ സഹപ്രവര്‍ത്തകനായിരുന്ന സുനില്‍ ലഹിരി ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മരണം സ്ഥിരീകരിച്ചത്. 40 വര്‍ഷം നീണ്ടു നില്‍ക്കുന്ന അഭിനയ ജീവിതത്തില്‍ ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 300ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാമായണത്തിന് പുറമെ നിരവധി ഐതിഹ്യ സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.

അഭിനയ ജീവിതത്തിന് പുറമെ 1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ അദ്ദേഹം പാര്‍ലമെന്റ് അംഗവുമായി. ഗുജറാത്തിലെ സമ്പാര്‍ക്കഥ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

 

 

Top