റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട 14,000 ക്വിന്റല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നശിച്ചു

തിരുവനന്തപുരം: റേഷന്‍കടകള്‍വഴി വിതരണംചെയ്യേണ്ട 14,000 ക്വിന്റല്‍ ഭക്ഷ്യധാന്യം നശിച്ചു. ഇത്രയും ഭക്ഷ്യ ധാന്യങ്ങള്‍ ഉപയോഗിക്കാത്തെ കെട്ടിക്കിടന്ന് നശിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പാണ് അറിയിച്ചത്. പത്തുജില്ലകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് 13,970 ക്വിന്റല്‍ (13.97 ലക്ഷം കിലോ) ഭക്ഷ്യധാന്യം 95 ശതമാനം ഗോഡൗണുകളിലും അശാസ്ത്രീയമായും അലക്ഷ്യമായുമാണ് ഭക്ഷ്യധാന്യം സൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയത്.

ദുര്‍ഗന്ധമുള്ള, പുഴുവരിച്ച അരിയും ഗോതമ്പുമാണ് ഡിസംബറില്‍ റേഷന്‍ കടകളിലെത്തിച്ചത്. കടയുടമകളുടെ പരാതിയെത്തുടര്‍ന്ന് ഗോഡൗണുകള്‍ പരിശോധിച്ചപ്പോള്‍ പഴയതും പുതിയതുമായ ധാന്യം കൂട്ടിച്ചേര്‍ത്താണ് വിതരണം ചെയ്യുന്നതെന്നു കണ്ടെത്തി. ചോര്‍ച്ചകാരണം ഭക്ഷ്യധാന്യങ്ങള്‍ നശിച്ച ഗോഡൗണുകളുമുണ്ട്. കേടായ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം പുതുതായി എത്തുന്നത് സൂക്ഷിക്കുന്നതും കൂടുതല്‍ ധാന്യം നശിക്കാനിടയാക്കി. കുത്തരി 4,73,481 ,കിലോപച്ചരി 2,97,154, കിലോപുഴുക്കലരി 5,36,482 ,കിലോഗോതമ്പ് 90,343 കിലോ എന്നിവയാണ് നശിച്ചിരിക്കുന്നത്.

പത്തു ജില്ലകളിലെ റിപ്പോര്‍ട്ടാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കു ലഭിച്ചത്. ബാക്കി ജില്ലകളിലെ റിപ്പോര്‍ട്ട് വരുന്നതേയുള്ളൂ. കേടായ ഭക്ഷ്യധാന്യങ്ങള്‍ ശുചീകരിച്ച് പുനരുപയോഗിക്കാനും അതിനു കഴിയാത്തവ കാലിത്തീറ്റയ്ക്ക് നല്‍കാനുമാണു തീരുമാനമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എന്‍.ടി.എല്‍. റെഡ്ഡി പറഞ്ഞു.

Top