റേഷൻ കടകൾ കെ സ്റ്റോറുകളാകുന്നു; അക്ഷയ സെന്ററുകൾ മുതൽ ബാങ്കിംഗ് സംവിധാനം വരെ ലഭിക്കും

തിരുവനന്തപുരം: കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷൻ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകൾ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷൻ കടകൾ. റേഷൻ കടകൾ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 70 റേഷൻ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

മിനി അക്ഷയ സെന്ററുകൾ, സപ്ലൈകോയുടെ ഉൽപ്പന്നങ്ങൾ, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടർ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയിൽ നിന്നും നാല് റേഷൻ കടകൾ വീതമാണ് ആദ്യഘട്ടത്തിൽ കെ സ്റ്റോറാകുന്നത്.

കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വർഷങ്ങൾ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളിൽ കൂട്ടിയിട്ട അരിച്ചാക്കുകളുമുള്ള പഴയ റേഷൻകട സെറ്റപ്പ് അപ്രത്യക്ഷമാവും. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷൻ കടകൾ സ്മാർട്ടാകുന്നത്. എല്ലാ റേഷൻ കാർഡുകാർക്കും കെ-സ്റ്റോർ ആനുകൂല്യങ്ങൾ ലഭിക്കും.

Top