ന്യൂയോര്‍ക്കില്‍ കൊറോണ പുതിയ ഇരകളെ പിടികൂടുന്നത് ബുള്ളറ്റ് ട്രെയിന്‍ വേഗത്തില്‍ !

ന്യൂയോര്‍ക്കില്‍ കൊറോണാവൈറസ് പടരുന്നത് ബുള്ളറ്റ് ട്രെയിനിന്റെ വേഗതയിലാണെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ. ഓരോ മൂന്ന് ദിവസത്തിലും സ്ഥിരീകരിക്കുന്ന കേസുകള്‍ ഇരട്ടിയായി കുതിച്ചതോടെയാണ് ഗവര്‍ണര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. ചൊവ്വാഴ്ച വരെ ന്യൂയോര്‍ക്കില്‍ സ്ഥിരീകരിച്ച കേസുകള്‍ 25,665 ആണ്. 271 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ചൈനയ്ക്കും, ഇറ്റലിക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കേസുകളുള്ളത് അമേരിക്കയിലാണ്. ജോണ്‍സ് ഹോപ്കിന്‍സ് കൊറോണാവൈറസ് ട്രാക്കര്‍ പ്രകാരം യുഎസില്‍ പുതിയ കൊറോണാവൈറസ് കേസുകളുടെ എണ്ണം 55,041 ആണ്, 700ഓളം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കേസുകളുടെ എണ്ണം നോക്കി വിശദമായ പ്രവചനം നടത്തുന്ന വിദഗ്ധരുണ്ട്. ചൈന, സൗത്ത് കൊറിയ, ഇറ്റലി, തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഇവര്‍ പ്രവചനം നടത്തിയിട്ടുണ്ട്. ഈ വിദഗ്ധര്‍ നമ്മുടെ രാജ്യത്ത് നടത്തിയ കണക്കൂട്ടല്‍ പ്രകാരം മൂന്ന് ദിവസം കൂടുമ്പോള്‍ കേസുകള്‍ ഇരട്ടിക്കുന്നതായാണ് കണ്ടെത്തിയത്. ഇത് നാടകീയമായ വളര്‍ച്ചയാണ്, കുമാവോ വ്യക്തമാക്കി.

കൊവിഡ്19നെ നേരിടാന്‍ ന്യൂയോര്‍ക്കിലെ ആശുപത്രികള്‍ക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായി ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി മാന്‍ഹാട്ടണിലെ ജേക്കബ് കെ ജാവിട്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍ 1000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റുകയാണ്. പുതിയ കണക്കുകളും, വസ്തുതകളും ഒട്ടും പ്രചോദനം ഏകുന്നതല്ലെന്ന് കുവോമോ ചൂണ്ടിക്കാണിച്ചു. ഒരു ബുള്ളറ്റ് ട്രെയിന്‍ നമുക്ക് നേരെ കുതിച്ച് വരുന്നത് പോലെയാണ് ഈ കണക്കുകളിലെ ഇരട്ടിപ്പെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചു.

ഈസ്റ്ററോടെ രാജ്യത്ത് കൊറോണ അടച്ചുപൂട്ടല്‍ പ്രശ്‌നങ്ങള്‍ ഒഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കാത്തിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. എന്നാല്‍ വൈറസിനെ ഈ സമയം കൊണ്ട് ഒതുക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Top