ഇത് ‘കുടിയന്റെ റാസ്പുടിന്‍ വേര്‍ഷന്‍’; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താനും ആഴ്ചകളായി റാസ്പുടിന്‍ പാട്ടും അതിനൊപ്പമുള്ള ഡാന്‍സും ആണ് സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ റാസ്പുടിന്‍ ഡാന്‍സ് ചലഞ്ചില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന രസകരമായ വിഡിയോ സമൂഹമാധ്യമലോകത്തെ ഒന്നാകെ കയ്യിലെടുത്തിരിക്കുകയാണ്.

‘കുടിയന്റെ റാസ്പുടിന്‍ വേര്‍ഷന്‍’ എന്ന അടിക്കുറിപ്പോടെയാണ് ഈ ഫണ്ണി വിഡിയോ പ്രചരിക്കുന്നത്. മുഴുക്കുടിയന്റെ രീതിയിലാണ് ഇയാള്‍ ചുവടുവയ്ക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നും അതോ അത്തരത്തില്‍ അഭിനയിക്കുന്നതാണോ എന്നും വ്യക്തമല്ല. എന്തായാലും മിനിട്ടുകള്‍ക്കകം വിഡിയോ വൈറലായി.

വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ കാഴ്ചയില്‍ മദ്യപാനി എന്നു തോന്നിക്കുന്നുമുണ്ട്. വൈറല്‍ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച ചുവടുകള്‍ അതേ രീതിയില്‍ കൂളായി അനുകരിക്കുകയാണ് ഈ വ്യക്തി. ടൈമിങ് തെറ്റാതെ കൃത്യമായി ചുവടുകള്‍ വയ്ക്കുന്നു. ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിന്‍ തുമ്പ് കയ്യില്‍ പിടിച്ചുമൊക്കെ ഏറെ ആസ്വദിച്ചാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ്.

ചുരുങ്ങിയ സമയത്തിനകം തന്നെ ഇയാളുടെ ഡാന്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി. റാസ്പുടിന്‍ ചലഞ്ചിന് ഇതിലും മികച്ച ഒരു പതിപ്പ് കിട്ടാനില്ലെന്നാണ് പ്രേക്ഷകപക്ഷം. മിനിട്ടുകള്‍ക്കകം ഡിജിറ്റല്‍ ലോകത്തെ കയ്യിലെടുത്ത ഈ വൈറല്‍ താരം ആരെന്നുള്ള അന്വേഷണത്തിലാണ് പ്രേക്ഷകര്‍. ‘റാസ്പുടിന്‍ ഡ്രങ്കന്‍ വേര്‍ഷന്‍’ എന്ന പേരില്‍ നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്തു.

ഇതുവരെയുള്ള എല്ലാ റാസ്പുടിന്‍ ഡാന്‍സ് പതിപ്പുകളെയും കടത്തിവെട്ടുന്നതാണ് ഈ പ്രകടനം എന്ന് സമൂഹമാധ്യമലോകം ഒന്നടങ്കം പറയുന്നു. നവീനിന്റെയും ജാനകിയുടെയും ഡാന്‍സ് വിഡിയോയ്‌ക്കൊപ്പം ഈ പുത്തന്‍ റാസ്പുടിന്‍ പതിപ്പു കൂടി ചേര്‍ത്തുള്ള വിഡിയോകള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ചെറിയ തോതില്‍ അല്ല. പ്രശംസയ്‌ക്കൊപ്പം ഇരുവര്‍ക്കും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. മതത്തിന്റെ നിറം കലര്‍ത്തി ഇവരെ ചിലര്‍ അവഹേളിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ വ്യത്യസ്ത വിഡിയോകളുമായി എത്തിയിരുന്നു. അതില്‍ മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി യുവകലാകാരി അവതരിപ്പിച്ച ഡാന്‍സ് വിഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പം ഒരു കുട്ടിത്താരത്തിന്റെ പ്രകടനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

 

Top