രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തു. വീഡിയോ അപ്ലോഡ് ചെയ്ത 4 പേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. എന്നാല്‍ മുഖ്യപ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. രശ്മിക മന്ദാനയുടെ വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നവംബര്‍ 10 നാണ് ദില്ലി പോലീസിന്റെ പ്രത്യേക സെല്‍ കേസ് എടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നും കൗമാരക്കാരനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്റെ യുആര്‍എല്‍ വിവരങ്ങള്‍ അടക്കം ലഭിച്ചിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യാജ നിര്‍മിതിയാണ് ഡീപ്‌ഫെയ്ക് വിഡിയോ. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് നടി രശ്മിക മന്ദാനയുടെ പേരില്‍ പ്രചരിച്ചത്. സംഭവത്തില്‍ ദില്ലി പൊലീസിന് വനിത കമ്മീഷന്‍ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ദില്ലി പൊലീസ് സ്‌പെഷല്‍ സെല്‍ കേസെടുത്തത്. വിഷയത്തില്‍ കേന്ദ്ര ഐടിമന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Top