മഞ്ഞുകാലം കടുത്തു; റാസല്‍ഖെമയിലെ കാഴ്ചഭംഗി ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹം

റാസല്‍ഖൈമ: മഞ്ഞുകാലം കടുത്തതോടെ റാസല്‍ഖൈമയിലേക്ക് സന്ദര്‍ശക പ്രവാഹം. താപനിലയില്‍ ഗണ്യമായ കുറവ് സംഭവിച്ചതോടെ യു.എ.ഇ യിലെ ഏറ്റവുംവലിയ പര്‍വതനിരയായ ജബല്‍ ജെയ്‌സ് കാഴ്ച വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഇതോടെ മഞ്ഞുകാലം ആസ്വദിക്കാനായി സന്ദര്‍ശകര്‍ ഇവിടേക്ക് കൂട്ടത്തോടെ എത്തുകയാണ്.

എമിറേറ്റിലെ ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും പ്രഭാതത്തിലും മഞ്ഞു മൂടിക്കിടക്കുന്ന കാഴ്ച അതിമനോഹരമാണ് ഈ കാഴ്ചകള്‍ പകര്‍ത്താനും ആസ്വദിക്കാനുമായാണ് പലരും റാസല്‍ഖൈമയിലേക്ക് എത്തിച്ചേരുന്നത്.

സായാഹ്നയാത്രകള്‍ക്കും രാത്രിയില്‍ ഒത്തുകൂടാനുമായി റാസല്‍ഖൈമയിലേക്ക് സന്ദര്‍ശകര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങുന്നത് ടൂറിസം മേഖലയിലും വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വടക്കന്‍ മലയോര മേഖലകളായ ഷാം, ഖോര്‍ ഖോര്‍, അല്‍ജീര്‍ എന്നിവിടങ്ങളും സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്.

മനുഷ്യനിര്‍മിത പവിഴദ്വീപായ അല്‍ മര്‍ജാന്‍, ദിദ് ദാഗ, ഖറാന്‍ തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങളും സന്ദര്‍ശകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചതോടെ റാസല്‍ഖൈമയിലെ വിപണിയും സജീവമായിട്ടുണ്ട്. മാളുകളിലും ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. പുതുവര്‍ഷത്തില്‍ കരിമരുന്നുപ്രയോഗത്തിലൂടെ രണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയ റാസല്‍ഖൈമയിലെ ആഘോഷങ്ങള്‍ തുടരുകയാണ്.

Top