അപൂര്‍വ ശസ്ത്രക്രിയ ; ഒമാനില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഭ്രൂണം

surgery

സലാല: ഒമാനില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്തു. റോയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു ഭ്രൂണം കൂടി വളരുന്ന അപൂര്‍വ്വ സാഹചര്യത്തെ ഫീറ്റസ് ഇന്‍ ഫീറ്റെ എന്നാണ് അറിയപ്പെടുന്നത്. ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്.

അപൂര്‍വ്വമായ ഇത്തരമൊരു അവസ്ഥയാണ് റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ നാല് വയസുകാരനില്‍ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി തലവന്‍ ഡോ. മുഹമ്മദ് ബിന്‍ ജാഫര്‍ അല്‍ സഗ്‌വാനിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

നാലുവയസുകാരന്റെ ഉദരത്തിലെ ഭ്രൂണം ഏതാണ്ട് പൂര്‍ണ്ണരൂപം പ്രാപിച്ചിരുന്നു. അതുകൊണ്ടു തന്നെ കുട്ടിക്ക് കഠിനമായ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഇത് അനസ്‌തേഷ്യ നല്‍കാനുള്‍പ്പെടെ പ്രയാസമുണ്ടാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹൃദയ ധമനിയുമായും ആമാശയവും കരളും പിത്തസഞ്ചിയും അടക്കമുള്ള മറ്റ് ആന്തരികാവയവങ്ങളുമായി ചേര്‍ന്നു കിടക്കുകയായിരുന്നു ഭ്രൂണം. ഇതും ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് ശസ്ത്രക്രിയ വിജയിപ്പിക്കാനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top