ക്രൂരമുഖത്തിന്റെ സമാനതകള്‍; പിണറായിയില്‍ നിന്ന് കൂടത്തായിയിലേക്കുള്ള ദൂരം ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ബന്ധുക്കള്‍ സംശയിച്ചത് പോലെതന്നെ കൂടത്തായി കൂട്ടമരണങ്ങള്‍ക്ക് പിന്നില്‍ ഒരു കൊലപാതകിയുടെ കറുത്തകരങ്ങള്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതും കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുവായ യുവതിയാണ് പ്രതി സ്ഥാനത്ത്. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഇപ്പോള്‍ കോഴിക്കോട്ടെ കൂടത്തായി കുട്ടകൊലപാതകങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അവിടെ നിന്ന് അധികം ദൂരമില്ലാത്ത കണ്ണൂര്‍ പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളുടെ കഥയാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒരു യുവതിയുടെ ക്രൂരതയാണ് രണ്ട് സ്ഥലങ്ങളിലെയും കൂട്ടകൊലപാതകങ്ങള്‍ക്ക് വഴിവെച്ചത്.

കൂടത്തായിയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ ആളുകള്‍ മരിച്ചപ്പോള്‍ പിണറായിയില്‍ നാലുമാസത്തിനിടെ നടന്നത് മൂന്നുമരണങ്ങളാണ്. പിണറായിലെ മരണങ്ങളും കടുത്ത ഛര്‍ദ്ദിയെത്തുടര്‍ന്നായിരുന്നു. കേസിലെ പ്രതിയായ സൗമ്യയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയിലായതോടെയാണ് നാട്ടുകാരുടെ പരാതിയില്‍ പിണറായിലെ മരണങ്ങള്‍ അന്വേഷിച്ചത്. 2002നും 2016നും ഇടയില്‍ നടന്ന കൂടത്തായിലെ മരണങ്ങള്‍ അന്വേഷിക്കുന്നത് മരിച്ച ടോം തോമസിന്റെ ഇളയമകന്‍ റോജോയ്ക്കുണ്ടായ ചില സംശയങ്ങളെത്തുടര്‍ന്നാണ്.

പിണറായിയിലെ സൗമ്യ അച്ഛനെയും അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അവിഹിത ബന്ധം പുറത്തറിയാതിരിക്കാനായാണ്. തുടര്‍മരണങ്ങളില്‍ നാട്ടുകാര്‍ പരാതിപ്പെട്ടതോടെ നടന്ന അന്വേഷണത്തില്‍ സൗമ്യ കുടുങ്ങി. കഴിഞ്ഞ വര്‍ഷം ജയില്‍ വളപ്പില്‍ സൗമ്യ ജീവനൊടുക്കുകയായിരുന്നു. രണ്ട് കേസുകളില്‍ മരണങ്ങള്‍ നടന്ന് ഏറെക്കാലത്തിന് ശേഷമാണ് അന്വേഷണം തുടങ്ങുന്നത്. പിണറായിയിലെ കേസില്‍ മകള്‍ പ്രതിയായപ്പോള്‍ കൂടത്തായിയില്‍ സംശയത്തിന്റെ നിഴലിലുള്ളത് മരുമകളും കൊല്ലപ്പെട്ടവരുടെ സ്വന്തം ബന്ധുക്കളുമാണ്. ഭക്ഷണത്തിലൂടെയാണ് രണ്ട് സംഭവങ്ങളിലും ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

പിണറായിയില്‍ നാലുമാസത്തിനുള്ളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കൂടത്തായിയില്‍ ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിവുകള്‍ വിശദമാക്കുന്നത്. മരിച്ചവര്‍ക്കെല്ലാം തന്നെ ഹൃദയംസംബന്ധിയായ തകരാര്‍ ഉണ്ടായിരുന്നെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും പൊലീസ് ഗൂഢാലോചന സംശയിക്കുന്നുണ്ട്.

സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് പൊലീസ് സംശയം. കൂടത്തായിയില്‍ ദുരൂഹമായി മരിച്ച പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ ദമ്പതികളുടെ മരുമകള്‍ ജോളിയെയാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. നേരത്തെ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് വിധേയമാകാന്‍ ജോളിയോട് ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയിരുന്നു ഇതാണ് സംശയം ബലപ്പെടാന്‍ കാരണമായത്.

Top