ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗര്‍ഭഛിത്രത്തിന് അനുമതി

കൊച്ചി: പീഡനത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കല്‍ ബോര്‍ഡിന്റെ ഉപേദശവും കണക്കിലെടുത്താണ് തീരുമാനം. അഞ്ച് മാസം മുമ്പ് പെണ്‍കുട്ടിയെ 28 കാരനായ യുവാവ് തട്ടികൊണ്ട് പോയിരുന്നു. തുടര്‍ന്ന് മംഗലാപുരത്ത് നിന്നും യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ ചെറുപ്പക്കാരനെതിരെ പോക്സോ പ്രകാരം കേസെടുത്തിരിക്കുകയാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഭ്രൂണം നശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി തേടുകയായിരുന്നു.

കേസിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് അന്ന് തന്നെ കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഭ്രൂണത്തിന് 20 ആഴ്ചയില്‍ താഴെ പ്രായമുണ്ടെങ്കില്‍ മാത്രമേ നിയമപരമായി ഗര്‍ഭഛിദ്രം നടത്താന്‍ കഴിയൂ. എന്നാല്‍ ഭ്രൂണത്തിന് 24 ആഴ്ച പ്രായമുണ്ടെങ്കിലും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉപദേശം നല്‍കി.

ശാരീരികമായും മാനസികമായും പെണ്‍കുട്ടിക്ക് നിരവധി പ്രശ്നങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കും. കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കാമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വിധിക്ക് മുമ്പ് വിശദമായ വിലയിരുത്തലിനായി ജസ്റ്റിസ് കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കല്‍ ബോര്‍ഡ് അംഗമായ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ അംബുജവുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തി. തുടര്‍ന്നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

Top