പീഡകരെ ജനങ്ങള്‍ക്ക് മുന്നില്‍ എറിയണം, ആള്‍ക്കൂട്ടം വിധി നടപ്പാക്കണം; ജയാ ബച്ചന്‍

ഹൈദരാബാദില്‍ 26കാരിയായ വെറ്റിനറി ഡോക്ടറുടെ കൂട്ടബലാത്സംഗ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ രോഷം ആളിക്കത്തിച്ച് രാജ്യസഭാ സമ്മേളനം. പീഡകരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്ന് തല്ലിക്കൊല്ലണമെന്ന് രാജ്യസഭാ എംപി ജയാ ബച്ചന്‍ ആവശ്യപ്പെട്ടു.

‘പീഡന കേസുകളിലെ പ്രതികളുടെ പേരുകള്‍ പുറത്തുവിടണം, നാറ്റിക്കണം. ഇത്തരം ആളുകളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കണം, ആള്‍ക്കൂട്ടം വിധിയും നടപ്പാക്കണം’, സമാജ്‌വാദി പാര്‍ട്ടി അംഗമായ ജയാ ബച്ചന്‍ വ്യക്തമാക്കി.വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദിലെ പ്രാന്തപ്രദേശത്തുള്ള കലുങ്കിന് താഴെ നിന്നും 26കാരിയായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്.

സ്ത്രീകള്‍ക്ക് എതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും ജയാ ബച്ചന്‍ ചോദ്യം ഉന്നയിച്ചു. പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നത് എങ്ങിനെയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സമയമായി. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടര്‍ പീഡനത്തിന് ഇരയാകുന്നതിന് തൊട്ടുമുന്‍പ് സമാനമായ മറ്റൊരു സംഭവവും നടന്നു, അവര്‍ ചൂണ്ടിക്കാണിച്ചു.

ചോദ്യോത്തര വേളയിലാണ് വിഷയം സഭയില്‍ ഉന്നയിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓാം ബിര്‍ല അനുമതി നല്‍കി. പ്രശ്‌നം നേരിടാന്‍ പുതിയ നിയമങ്ങള്‍ വേണമെന്ന ആവശ്യത്തിനിടെ ആളുകളുടെ മാനസിക സ്ഥിതിയാണ് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ആവശ്യമെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു പ്രതികരിച്ചു.

Top