റാപ്പിഡ് ആന്റിബോഡി പരിശോധന; അഞ്ച് ജില്ലകളില്‍ നിന്നുളള സാമ്പിളുകള്‍ ശേഖരിക്കും

തിരുവനന്തപുരം: റാപ്പിഡ് ആന്റിബോഡി പരിശോധനയുടെ രണ്ടാംദിനത്തില്‍, അഞ്ച് ജില്ലകളില്‍ നിന്നുളള സാമ്പിളുകള്‍ ശേഖരിക്കാനൊരുങ്ങി സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്. റാപ്പിഡ് ആന്റിബോഡി പരിശോധനയുടെ ആദ്യ ദിവസം 100 ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് പ്രധാനമായും ശേഖരിക്കുന്നത്.

രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പൊസിറ്റീവായത്. സമ്പര്‍ക്കത്തിലൂടെയുളള 151 കേസുകളില്‍ 41 പേരാണ് ആരോഗ്യപ്രവര്‍ത്തകരായിട്ടുളളത്. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒന്‍പത് ജില്ലകളിലുളളവരുടെ രക്തസാമ്പിളുകളാണ് ആദ്യദിവസം പരിശോധിച്ചത്. കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലക്കാരുടെ സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുക. റാപ്പിഡ് പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയവരുടെ സാമ്പിളുകള്‍ പിസിആര്‍ പരിശോധന കൂടി നടത്തിയ ശേഷമാകും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതിനാല്‍ ഫലമറിയാന്‍ നാല് ദിവസം വരെയെടുക്കും.

Top