രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ വരാന്‍

പാരീസ്: ഫ്രഞ്ച് പ്രതിരോധ താരം റാഫേല്‍ വരാന്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. വെറും 29-ാം വയസിലാണ് വരാന്‍ ഫ്രാന്‍സിന്റെ വിഖ്യാതമായ നീലക്കുപ്പായമഴിക്കുന്നത്. 2018ല്‍ റഷ്യയില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലംഗമായ റാഫേല്‍ വരാന്‍ ഫ്രാന്‍സിനെ 93 മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഖത്തറില്‍ കഴിഞ്ഞ വർഷം നടന്ന ലോകകപ്പില്‍ വരാന്‍ അടങ്ങിയ ഫ്രാന്‍സ് ടീം ഫൈനലില്‍ അർജന്റീനയോട് തോറ്റിരുന്നു. രാജ്യാന്തര കരിയറില്‍ അഞ്ച് ഗോളുകള്‍ പേരിലുണ്ട്.

‘ഫ്രാന്‍സിനെ ഒരു പതിറ്റാണ്ട് പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അംഗീകാരങ്ങളില്‍ ഒന്നായി കണക്കാക്കുന്നു. ഫ്രാന്‍സിനെ നീലക്കുപ്പായം ധരിക്കുമ്പോഴെല്ലാം വിവരണാതീതമായ അഭിമാനമാണ്. വിരമിക്കലിനെ കുറിച്ച് മാസങ്ങളായി ചിന്തിച്ച് വരികയായിരുന്നു. ഇതാണ് ഉചിതമായ സമയം. ലോകകപ്പ് നേടിയത് ജീവിതത്തിലെ മഹനീയ മുഹൂർത്തങ്ങളില്‍ ഒന്നാണ്. വരും തലമുറ താരങ്ങള്‍ കടന്നുവരേണ്ട സമയമായി. പ്രതിഭാശാലികളായ യുവനിര കാത്തുനില്‍പുണ്ട്, അവരെ ടീമിനാവശ്യമുണ്ട്’ എന്നും വരാന്‍ വിരമിക്കല്‍ അറിയിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. പരിശീലകന്‍ ദിദിയർ ദെഷാംസിനും സഹ താരങ്ങള്‍ക്കും വരാന്‍ നന്ദി അറിയിച്ചു. ക്ലബ് ഫുട്ബോളില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനായി വരാന്‍ തുടർന്നും കളിക്കും.

2013ല്‍ പത്തൊമ്പതാം വയസിലായിരുന്നു ഫ്രാന്‍സിനായി റാഫേല്‍ വരാന്റെ അരങ്ങേറ്റം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അന്ന് ജോർജിയക്കെതിരെ വരാന്‍ ഇറങ്ങിയ മത്സരം ഫ്രാന്‍സ് 3-1ന് വിജയിച്ചു. 2014ല്‍ ആദ്യമായി ദെഷാംസ് വരാനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ട അവസാന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇതേ വർഷം ഒക്ടോബറില്‍ ടീമിനെ നയിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തി. അർമേനിയക്കെതിരായ മത്സരത്തിന്റെ പാതിസമയത്ത് ആംബാന്‍ഡ് ധരിച്ചതോടെയായിരുന്നു ഇത്. ഇതേ വർഷം സ്വീഡനെതിരായ മത്സരത്തില്‍ വരാന്‍ തന്റെ ആദ്യ രാജ്യാന്തര ഗോള്‍ നേടി.

പരിക്കുമൂലം 2016 യൂറോ കപ്പ് നഷ്ടമായെങ്കിലും പിന്നീട് താരം ശക്തമായി തിരിച്ചുവരുന്നത് ഫുട്ബോള്‍ ലോകം കണ്ടു. 2018 ലോകകപ്പ് ഫ്രാന്‍സ് ഉയർത്തിയപ്പോള്‍ എല്ലാ മത്സരത്തിലും സ്റ്റാർട്ടിംഗ് ഇലവനില്‍ ഇറങ്ങി പൂർണസമയവും വരാന്‍ പന്ത് തട്ടി. 2021ല്‍ യുവേഫ നേഷന്‍ ലീഗ് നേടിയ ടീമിലും അംഗമായി. 2022 ലോകകപ്പിലും റാഫേല്‍ വരാന്‍ ഉള്‍പ്പെടുന്ന ഫ്രഞ്ച് ടീം ഫിഫ ലോകകപ്പിന്റെ ഫൈനലിലെത്തിയെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടിൽ അർജന്റീനയോട് കീഴടങ്ങി റണ്ണറപ്പായി മടങ്ങാനായിരുന്നു വിധി.

Top