പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാവ് ഡോക്ടർ കടിച്ചെടുത്തു

rape

ജോഹന്നാസ്ബർഗ: ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിൽ പരിശോധനയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ നാവ് വനിതാഡോക്ടർ കടിച്ചെടുത്തു. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് അസാമാന്യ ധൈര്യം കാണിച്ചത്.

രോഗിയാണെന്ന വ്യാജേന എത്തിയ മുപ്പത്തിരണ്ടുകാരനായിരുന്നു ആക്രമിച്ചത്.പരിശോധനാ മുറിയിൽ കയറിയ ഇയാളോട് രോഗികൾക്കുള്ള കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.അടുത്തെത്തി പരിശോധിക്കുന്നതിനിടെ ഡോക്ടറെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം പകച്ചുപോയെങ്കിലും ഡോക്ടർ അയാളെ നേരിട്ടു.അതോടെ യുവാവ് കൂടുതൽ ബലംപ്രയാേഗിച്ചു. പി‌ടിച്ചുവച്ച് ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ നാവ് ഡോക്ടറുടെ വായ്ക്കുള്ളിലായി. ഈ സമയം സർവശക്തിയുമെടുത്ത് ഡോക്ടർ കടിച്ചു. അതോടെ യുവാവിന്റെ നാവ് മുറിഞ്ഞ് താഴെവീണു.

അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ പകച്ചുപോയ യുവാവ് ഡോക്ടർറെ തള്ളിമാറ്റി പുറത്തേക്കോടി. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപപ്രദേശങ്ങളിലെ ആശുപത്രികളിൽ വിവരമറിയിച്ചതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മുറിഞ്ഞുപോയ ഭാഗം തുന്നിച്ചേർക്കാനായോ എന്ന് വ്യക്തമല്ല.ആശുപത്രി വിട്ടശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. പീഡനത്തെ പ്രതിരോധിച്ച വനിതാ ഡോക്ടർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. മാനസികാഘാതത്തിൽനിന്ന് രക്ഷപ്പെടാനായി ഡോക്ടറെ കൗൺസലിംഗിന് വിധേയയാക്കി.

Top