ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

നരിയമ്പാറ: ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച്ച രാത്രി, വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിൽ പീഡന പരാതി നല്‍കിയിരുന്നു. അയല്‍വാസിയായ യുവാവിന് എതിരെ ആയിരുന്നു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഇയാള്‍ ഇതിനിടെ ഒളിവില്‍ പോയെന്നാണ് വിവരം.

Top