ഭര്‍തൃബലാത്സംഗത്തെ കിടപ്പറരംഗമെന്ന് മാധ്യങ്ങള്‍ പറയുന്നത് വേദനിപ്പിക്കുന്നു; മെഹ്‌റീന്‍ പിര്‍സാദ

മിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മെഹ്‌റീന്‍ പിര്‍സാദ. ഈയിടെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പുറത്തുവന്ന സുല്‍ത്താന്‍ ഓഫ് ഡല്‍ഹി എന്ന വെബ് സീരീസിലൂടെയും മെഹ്‌റീന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സിനിമയിലെ ഒരു രംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെക്കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍. സുല്‍ത്താന്‍ ഓഫ് ഡല്‍ഹിയിലെ ഒരു ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനേക്കുറിച്ച് മെഹ്‌റീന്‍ പിര്‍സാദ വ്യക്തമാക്കുന്നത്.

ഔദ്യോഗിക എക്‌സ് പേജില്‍ എഴുതിയ കുറിപ്പിലാണ് ഈ വെബ്‌സീരീസിലെ തന്റെ ആരാധകര്‍ സീരീസ് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നതായും അവരെഴുതി. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അഭിനയമെന്നത് കലയും തൊഴിലുമാണ്. അതുകൊണ്ടുതന്നെ കഥയുടെ ഭാഗമായിട്ടുള്ള ഇഷ്ടമില്ലാത്ത സീനുകളും അവര്‍ക്ക് ചെയ്യേണ്ടിവരുന്നുവെന്ന് മെഹ്‌റീന്‍ ചൂണ്ടിക്കാട്ടുന്നു.

സുല്‍ത്താന്‍ ഓഫ് ഡല്‍ഹിയില്‍ അതിക്രൂരമായ ഒരു ഭര്‍തൃബലാത്സംഗ രംഗമുണ്ട്. എന്നാല്‍ ഇതുപോലൊരു ഗൗരവതരമായ വിഷയത്തെ പല മാധ്യമങ്ങളും കിടപ്പറരംഗമെന്ന് വിശേഷിപ്പിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്‌നത്തെ ഇത് നിസ്സാരമാക്കുകയാണ്.

ഇത്തരം ചര്‍ച്ചകള്‍ എന്നെ അസ്വസ്ഥയാക്കുന്നു. തങ്ങള്‍ക്കും സഹോദരിമാരും പെണ്‍മക്കളും ഉണ്ടെന്ന് ഇവര്‍ മനസ്സിലാക്കണം. അവരുടെ സ്വന്തം ജീവിതത്തില്‍ ഇത്തരമൊരു ആഘാതത്തിലൂടെ ഒരിക്കലും കടന്നുപോകരുതെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഇത്തരം ക്രൂരതയെയും അക്രമത്തെയും കുറിച്ചുള്ള ചിന്തകള്‍ തന്നെ അരോചകമാണ്.

ഒരു നടി എന്ന നിലയില്‍ ഈ കഥാപാത്രത്തോട് നീതി പുലര്‍ത്തേണ്ടത് എന്റെ ജോലിയാണ്. കൂടാതെ മിലന്‍ ലുത്രിയ സാര്‍ സംവിധാനം ചെയ്ത സുല്‍ത്താന്‍ ഓഫ് ഡല്‍ഹിയുടെ ടീം വളരെ ബുദ്ധിമുട്ടുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗിനിടെ അഭിനേതാക്കളായ ഞങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തില്‍ അങ്ങേയറ്റം പ്രൊഫഷണലായിരുന്നു അവര്‍. കിട്ടുന്ന എല്ലാ വേഷങ്ങളും പരമാവധി മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും മെഹ്‌റീന്‍ കൂട്ടിച്ചേര്‍ത്തു.

2016-ല്‍ ഇറങ്ങിയ കൃഷ്ണഗാഡി വീര പ്രേമഗാഥ എന്നചിത്രത്തിലൂടെയാണ് മെഹ്‌റീന്‍ പിര്‍സാദ ചലച്ചിത്രലോകത്തെത്തിയത്. തുടര്‍ന്ന് മഹാനുഭാവുഡു, രാജ ദ ഗ്രേറ്റ്, ജവാന്‍, പന്തം, ചാണക്യ, അശ്വത്ഥാമാ, തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും നെഞ്ചില്‍ തുണിവിരുന്താല്‍, പട്ടാസ് എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ഫിലൗരി എന്ന ബോളിവുഡ് ചിത്രത്തിലും ഡി.എസ്.പി ദേവ്, അര്‍ദബ് മുഠിയാരാന്‍ എന്നീ പഞ്ചാബി ചിത്രങ്ങളിലും അവര്‍ വേഷമിട്ടു.

Top