ഈ കണ്ണുകളിൽ ഭയമാണ് ; ക്രൂര പീഡനങ്ങൾക്ക് ഇരയായ കഥയുമായി റോഹിങ്ക്യൻ വനിതകൾ

ഉഖിയ: മ്യാൻമറിൽ ഇല്ലാതാകുന്ന മനുഷ്യാവകാശങ്ങളുടെയും, വംശീയ അധിക്ഷേപത്തിന്റെയും ഇരകളാണ് റോഹിങ്ക്യൻ ജനതകൾ.

ഇത്തരത്തിൽ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.

റോഹിങ്ക്യൻ സമൂഹത്തിലെ സ്ത്രീകളോടും , കുട്ടികളോടും മ്യാൻമർ സൈന്യം നടത്തിയ ക്രൂരതകൾക്ക് എതിരെ രൂക്ഷമായ വിമർശനമാണ് മനുഷ്യ അവകാശ സംഘടനകൾ ആരോപിച്ചിട്ടുള്ളത്.

എന്നാൽ ഈ വാദങ്ങളിൽ ഭൂരിപക്ഷം മ്യാൻമർ സർക്കാർ നിഷേധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ പേരിൽ ആരോപിക്കുന്ന കുറ്റങ്ങൾക്ക് തെളിവുകൾ ഇല്ലെന്നാണ് മ്യാൻമർ സർക്കാർ നൽകുന്ന മറുപടി.

റോഹിങ്ക്യൻ സ്ത്രീ സമൂഹം നേരിടേണ്ടി വന്ന ക്രൂരതകൾ വ്യക്തമാക്കി യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച് പുതിയ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

വീണ്ടും അത്തരത്തിലൊരു കണക്കുകൾ അവതരിപ്പിച്ചിരിക്കുകയാണ് അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസമാണ് 13 വയസു മുതല്‍ 35 വയസുവരെയുള്ള 29 റോഹിങ്ക്യന്‍ മുംസ്ലിം വനിതകളുടെ കഥയാണ് അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്.

ഐക്യരാഷ്ട്രസഭ വംശീയഹത്യ എന്ന വിശേഷിപ്പിച്ച മ്യാൻമർ പട്ടാളത്തിന്റെ ക്രൂരതയിൽ ജീവിതം നഷ്ടമായി ബംഗ്ലാദേശിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരാണ് ഇവർ.

ഭർത്താവിന്റെ മുൻപിൽ വെച്ച് ക്രൂരമായി ഉപദ്രവിക്കപ്പെടുകയും , ശേഷം ഭർത്താവിന്റെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന കഥ പറയുന്ന റോഹിങ്ക്യന്‍ മുസ്ലിം വനിതയുടെ വേദന ലോകം തിരിച്ചറിയണം.

പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭിണികള്‍ തുടങ്ങി എല്ലാ സ്ത്രീകളെയും ബർമീസ് സൈന്യം ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കി.

കുടുംബത്തിലുള്ള എല്ലാവരെയും സൈന്യം കൊലപ്പെടുത്തുന്നത് കണ്ടുവെന്നും, തുടർന്ന് സൈന്യം തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇരകളിൽ ഒരാൾ പറഞ്ഞു.

ബംഗ്ലാദേശിലെ വിവിധ ക്യാമ്പുകളിൽ ജീവിക്കുന്ന ഇവരുടെ ഫോട്ടോയും അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഈ വിഷയത്തിൽ മ്യാൻമറിന് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം ചെയ്തതായി ബുദ്ധമത ജനങ്ങൾ കരുതിപ്പോരുന്ന റോഹിങ്ക്യ കുടുംബങ്ങൾ തലമുറകളായി മ്യാൻമറിൽ ജീവിച്ചിരുന്നവരാണ്.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന വിഷയത്തില്‍ ബംഗ്ലാദേശ് മ്യാന്‍മറുമായി ധാരണയിലെത്തിയതിനെ തുടർന്ന് അഭയാർത്ഥികൾ മ്യാൻമറിലേയ്ക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.

മ്യാന്മറിൽ നിന്ന് അക്രമങ്ങൾ ഭയന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകൾ തിരികെ എത്തുമ്പോൾ എല്ലാ തരത്തിലുള്ള സൗകര്യങ്ങളും നൽകുമെന്ന് മ്യാൻമാർ ഭരണകുടം ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ റോഹിങ്ക്യൻ സമൂഹത്തിന് ഇന്നും മ്യാൻമാർ ഭരണകൂടത്തിന്റെ ഭയമാണ്.

Top