പീഡിപ്പിക്കപ്പെട്ട ശേഷം പരാതി നല്‍കൂ…കാവലാളാകേണ്ടവര്‍ കൈമലര്‍ത്തുമ്പോള്‍!

ഉന്നാവ് : മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളുടെ ഭയം വിട്ടകലും മുമ്പെ വീണ്ടും വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നത് സമാന സംഭവങ്ങള്‍ തന്നെ. ദിവസങ്ങള്‍ക്ക് മുമ്പാണ് തെലുങ്കാനയില്‍ യുവ ഡോക്ടറെ നാലംഗ സംഘം ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നത്. അതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 23 കാരിയെയും ബലാത്സംഗത്തിനിരയാക്കി തീകൊളുത്തി. ഉന്നാവോ പെണ്‍കുട്ടിയുടെ ജീവനായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോഴാണ് അവളും വെള്ളിയാഴ്ച രാത്രി ഈ ലോകം വെടിഞ്ഞത്. കത്തികരിഞ്ഞ അവളുടെ സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിന് മുമ്പേ രാജ്യം ഇന്ന് വീണ്ടും ഒരു ക്രൂര കൃത്യത്തിന് കൂടി സാക്ഷിയായി. ത്രിപുരയിലെ ശാന്തിര്‍ബസാറില്‍ പതിനേഴുകാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു എന്നതായിരുന്നു ആ ഞെട്ടിക്കുന്ന വാര്‍ത്ത.

സ്ത്രീകള്‍ക്ക് നേരെ നടക്കുന്നഅതിക്രമങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോ ഗ്രാമം. ബിജെപി എംഎല്‍എ കുല്‍ദ്വീപ് സിങ്ങ് സേംഗറും കൂട്ടാളികളും യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസും ഇവിടെയാണുള്ളത്. ഇപ്പോഴിതാ ബലാംത്സംഗവും കൊലപാതകവും തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ഉന്നാവ്‌പോലീസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദ്പുര്‍സ്വദേശിനിയായ ഒരു യുവതി. തന്നെ ബലാത്സംഗം ചെയ്യാന്‍ ഗ്രാമത്തിലെപുരുഷന്മാരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പരാതി ഉന്നയിച്ച യുവതിയോട് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ ആരോപണം.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മരുന്നുവാങ്ങാന്‍ പോകുമ്പോഴാണ് യുവതിയ്ക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. മൂവര്‍ സംഘം യുവതിയുടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1090 വിളിച്ചപ്പോള്‍ 100 ല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. 100 വിളിച്ചപ്പോള്‍ ഉന്നാവ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിയുമായി സ്റ്റേഷനില്‍ ചെന്ന യുവതിയോടാണ് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാനായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണം. യുവതിയുടെ പരാതി വാങ്ങാതെ പോലീസ് മടക്കി അയയ്ക്കുകയും ചെയ്തു. മൂന്ന് മാസത്തോളം യുവതി പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവര്‍ യുവതിയെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതിപ്പെടാന്‍ ശ്രമിച്ചതിനാണ് ഭീഷണിപ്പെടുത്തല്‍.

ഈ വര്‍ഷം 11 മാസത്തിനിടെ ഉന്നാവോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 86 ബലാത്സംഗ കേസുകളാണ്.

Top