പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവം; ഒ എം ജോര്‍ജ്ജിനെ തേടി പൊലീസ് കര്‍ണാടകത്തിലേക്ക്

വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഒ എം ജോര്‍ജ്ജിനെ തിരഞ്ഞ് പൊലീസ് കര്‍ണാടകത്തിലേക്ക്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ജോര്‍ജ് വയനാട് ജില്ലയില്‍ പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളും പൊലീസ് പരിശോധന നടത്തിയെങ്കിലും ജോര്‍ജിനെ കണ്ടെത്താനായില്ല.

ബന്ധുക്കള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ് കര്‍ണാടകത്തിലേക്ക് കടന്നിരിക്കാനാണ് സാധ്യത എന്നുള്ളതിനാല്‍ പൊലീസ് കര്‍ണാടകത്തിലേക്ക് തിരിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ കഴിയുന്ന ജോര്‍ജിന്റെ സുഹൃത്തുക്കളുടെ വിവരങ്ങളും പൊലീസിന് ബന്ധുക്കള്‍ നല്‍കി .

പത്താം ക്ലാസ് കഴിഞ്ഞതു മുതല്‍ ജോര്‍ജ്ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പലപ്പോഴും ജോലി ചെയ്യാനായി അവിടെ എത്തിയിരുന്ന പെണ്‍കുട്ടിയെ ജോര്‍ജ്ജ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു

Top