യുപിയില്‍ സംരക്ഷണ കേന്ദ്രത്തിലെ പീഡനം; ദുരന്തം വെളിപ്പെടുത്തി പെണ്‍ക്കുട്ടികള്‍

rape

ദിയോരിയ: ഉത്തര്‍പ്രദേശിലെ സംരക്ഷണ കേന്ദ്രത്തില്‍ പീഡനത്തിനിരയായ പെണ്‍ക്കുട്ടികള്‍ തങ്ങള്‍ക്ക് സംഭവിച്ച ദുരന്തം വെളിപ്പെടുത്തുന്നു.

ചുവപ്പ്, വെളുപ്പ്, കറുപ്പ് കാറുകളിലെത്തുന്നവര്‍ രാത്രിയില്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്നും രാവിലെ തിരികെ കൊണ്ടുവിടുമെന്നുമാണ് പെണ്‍കുട്ടികള്‍ പൊലീസിനോടു പറഞ്ഞത്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ 24 പെണ്‍കുട്ടികളെ ഇവിടെ നിന്നു തിങ്കളാഴ്ച മോചിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ഗിരിജാ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ ത്രിപാഠി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ മകളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദ്യകാലങ്ങളില്‍ സംരക്ഷണകേന്ദ്രത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നെങ്കിലും നടത്തിപ്പിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സഹായം നിര്‍ത്തലാക്കുകയും സംരക്ഷണകേന്ദ്രം അടച്ചു പൂട്ടാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാവാത്തതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി തന്നെ ഈ കേന്ദ്രം നടത്തിവരികയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആകെ 42 പെണ്‍കുട്ടികള്‍ ഉള്ള കേന്ദ്രത്തില്‍ 18 പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇവിടെ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരിയായ പെണ്‍കുട്ടി പൊലീസിനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Top