ബലാത്സംഗക്കേസ്; തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

rape-sexual-abuse

ലക്‌നൗ: കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് മകനൊപ്പം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. യുവതിയും കുഞ്ഞും ഷാജഹാന്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് യുവതി മരിച്ചത്. 27കാരിയായ യുവതി രണ്ടാഴ്ച മുമ്പാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പരാതിയുമായി യുവതി പൊലിസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലിസ് തയ്യാറായില്ലെന്നാണ് യുവതി പറഞ്ഞിരുന്നത്. പ്രതികളുടെ പക്കല്‍ നിന്ന് പൊലിസ് പണം കൈപ്പറ്റിയ ശേഷം കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ യുവതി 12കാരനായ മകനെയും കൂട്ടി തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.95 ശതമാനത്തിലധികം യുവതിക്ക് പെള്ളലേറ്റിട്ടുണ്ടായിരുന്നു. എന്നാല്‍ 15 ശതമാനം പൊള്ളലേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ മറ്റൊരു യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നില്ലന്നാരോപിച്ചായിരുന്നു ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നു.

Top