കോട്ടയത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റെയില്‍വേ ടിക്കറ്റ് ക്ലര്‍ക്ക് അറസ്റ്റില്‍

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചശേഷം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്ന റെയില്‍വേ ടിക്കറ്റ് ക്ലര്‍ക്ക് അറസ്റ്റില്‍. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്. അരുണാണ് (അരുണ്‍ സാകേതം -33) അറസ്റ്റിലായത്. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

ഫെയ്‌സ്ബുക്കിലൂടെ അരുണ്‍ ഈ വീട്ടമ്മയുമായി പരിചയം സ്ഥാപിക്കുകയും ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കുകയും ഇതിനൊടുവില്‍ ഭീഷണിയിലൂടെ പണം ആവശ്യപ്പെടുകയുമായിരുന്നു. സ്വര്‍ണവും ലക്ഷക്കണക്കിനുരൂപയും ഇയാള്‍ വീട്ടമ്മയില്‍ നിന്ന് കൈക്കലാക്കി. പിന്നീട് വീട്ടമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി നല്‍കാനായി സമ്മര്‍ദം ചെലുത്തിയതായും പൊലീസ് പറഞ്ഞു. ഇയാളുടെ ഭീഷണിയില്‍ വീട്ടമ്മ മൂന്നു പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തുടര്‍ന്നും പീഡനം തുടര്‍ന്നതോടെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റിലാകുന്നത്. ഇരുപത്തഞ്ചോളം യുവതികളെ ഇയാള്‍ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്ന് ഇയാളുടെ ഫോണും ഫെയ്‌സ്ബുക്ക് അക്കൗണ്ടും പരിശോധിച്ചതിലൂടെ വ്യക്തമായതായി പൊലീസ് അറിയിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറിലെത്തുന്ന പെണ്‍കുട്ടികളുടെ നമ്പര്‍ അപേക്ഷ ഫോറത്തില്‍നിന്ന് ശേഖരിച്ചും പലരെയും കെണിയില്‍ വീഴ്ത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

അരുണ്‍ വിവാഹിതനും എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു.

Top