ബലാൽസംഗക്കേസ്: ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

കൊച്ചി : വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഒളിവില്‍ കഴിയുന്ന വൈദികരെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം മജിസ്‌ട്രേറ്റിന് മുന്നിലോ അന്വേഷണ സംഘത്തിന് മുന്നിലോ വൈദികര്‍ കീഴടങ്ങാനും സാധ്യതയുണ്ട്.

ബലാല്‍സംഗക്കേസില്‍ പ്രതികളായ മൂന്ന് വൈദികരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വൈദികരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ ജോര്‍ജ്ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിച്ച് കീഴടങ്ങണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനും വൈദികര്‍ നീക്കം നടത്തുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Top