ബലാത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബലാത്സംഗം, പ്രകൃതിവിരുദ്ധലൈംഗികപീഡനം ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 9 മാസത്തെ അന്വേഷണത്തിനൊടുവിലാണ് 200 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പടെ കേസില്‍ 83 സാക്ഷികളാണുള്ളത്. മൂന്ന് ബിഷപ്പുമാരുടെയും 11 വൈദികരുടെയും 25 കന്യാസ്ത്രീകളുടെയും മൊഴികളും കുറ്റപത്രത്തിലുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതായത്, അന്യായമായി തടഞ്ഞുവെക്കല്‍, അധികാരദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കല്‍, പ്രകൃതിവിരുദ്ധലൈംഗികപീഡനം നടത്തി, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ഇവ. സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പ്രധാനപ്പെട്ട 10 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴി രേഖപ്പെടുത്തിയ ഏഴ് മജിസട്രേറ്റുമാരും സാക്ഷികളാണ്. മൊഴികളെല്ലാം ക്യാമറയിലും പകര്‍ത്തിയിട്ടുണ്ട് പ്രതിക്കെതിരെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ വിശദമായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യായായത്.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സര്‍പ്പിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങാന്‍ ഒരുങ്ങവെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെങ്കിലും കോട്ടയം ജില്ലാ കോടതിയിലായിരിക്കും കേസിലെ പ്രാഥമിക വാദം നടക്കുക

Top