പറശ്ശിനിക്കടവ് പീഡനം; പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു, ഒരാള്‍ അറസ്റ്റില്‍

rapes

കണ്ണൂര്‍: പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അറസ്റ്റിലായിരുന്നു.
അച്ഛനടക്കം 7 പേരാണ് ഇന്ന് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

കേസില്‍ അഞ്ചു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കണ്ണൂര്‍ സ്വദേശികളായ കെ. വി സന്ദീപ്, സി.പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവം പുറത്തറിഞ്ഞത്. സഹോദരിയുടെ നഗ്‌നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.

ഫോണില്‍ ആവശ്യപ്പെട്ടതനുസരിച്ച് 27ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത സഹോദരനെ അവിടെയുണ്ടായിരുന്ന മൂന്നുപേരും കൂടി ചേര്‍ന്ന് മര്‍ദ്ദിച്ചശേഷം ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top