ബലാത്സംഗ കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. വിചാരണക്കായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയിലെത്തി. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തതായി കേസിലെ സാക്ഷികളെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളുണ്ട്.

ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇരയുടെ വിശദാംശങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ രഹസ്യ വിചാരണയാണ് കേസില്‍ നടക്കുന്നത്. അതിനാല്‍ കോടതി നടപടികള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതിയില്ല.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുറുവിലങ്ങാട് മഠത്തില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

Top