ബലാത്സംഗക്കേസ്; യുപി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം

ദില്ലി: ചിത്രക്കൂട് ബലാത്സംഗക്കേസില്‍ മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രത്യേക കോടതി ജഡ്ജി പി കെ റായ് ആണ് ശിക്ഷ വിധിച്ചത്. മൂന്ന് പേര്‍ക്കാണ് കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവരാണ് മറ്റ് രണ്ട് പേര്‍. കേസില്‍ നാല് പ്രതികളെ കോടതി വേറുതേ വിട്ടു.

വികാസ് വര്‍മ്മ, രൂപേശ്വര്‍, അമരേന്ദ്ര സിംഗ് (പിന്റു), ചന്ദ്രപാല്‍ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടത്. അഖിലേഷ് സര്‍ക്കാരിലെ പ്രധാനികളിലൊരാളായിരുന്നു ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും, ഖനന വകുപ്പുമായിരുന്നു ഇയാള്‍ കൈകാര്യം ചെയ്തിരുന്നത്.

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ യുപി പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപ്പിച്ചാണ് യുവതി കേസെടുപ്പിച്ചത്.

2014 മുതല്‍ മന്ത്രിയും കൂട്ടാളികളെ തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ പരാതി. മകളെയും പീഡിപ്പിക്കാന്‍ തുനിഞ്ഞതോടെയാണ് പരാതി നല്‍കാന്‍ യുവതി മുന്നോട്ട് വന്നത്. 2017 മാര്‍ച്ചിലാണ് പ്രജാപതി അറസ്റ്റിലാവുന്നത്.

 

Top