പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; മഹിളാ മോര്‍ച്ച നേതാവ് പിടിയില്‍

സവായ് മധോപൂര്‍ : രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മഹിളാ മോർച്ച നേതാവ് അടക്കം അഞ്ചു പേർ പിടിയിൽ. ഈ സംഘം പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് എട്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ബിജെപിയുടെ മഹിളാ മോര്‍ച്ച മുന്‍ ജില്ലാ അധ്യക്ഷ സുനിത വർമ്മ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.

സെപ്തംബര്‍ 22നാണ് രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി പരാതി നല്‍കിയത്. സുനിത വർമ്മ സെക്സ് റാക്കറ്റിന്‍റെ ഭാഗമാക്കി പണത്തിന് പകരം തന്നെ കാഴ്ച വച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. 2019 ഓക്ടോബര്‍ മുതല്‍ 2020 മെയ് വരെയുള്ള സമയത്തായിരുന്നു പീഡനമെന്നും പരാതി വിശദമാക്കുന്നു. സ്കൂളിൽ നിന്ന് മടങ്ങുന്ന വഴിയിൽ വച്ച് ബിജെപി നേതാവിനെ കാണിക്കാം എന്നു പറഞ്ഞാണ് പെൺകുട്ടിയെ സംഘം കൂട്ടിക്കൊണ്ടുപോയത്. ശേഷം പെൺകുട്ടിയെ ഒരാൾക്ക് പണം നൽകുന്നതിന് പകരം കാഴ്ചവക്കുകയായിരുന്നു.

സുനിതാ വര്‍മ്മയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ ചെയ്ത ആൾക്ക് അവർ 2000 രൂപ നൽകാനുണ്ടായിരുന്നു. ഇത് പലതവണയായി ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല. തുടർന്ന് പണത്തിനു പകരം അയാൾക്ക് പെൺകുട്ടിയെ നൽകുകയായിരുന്നു എന്നാണ്  റിപ്പോർട്ട്.  ആഗസ്റ്റ് നാലിന് പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന പണം അപഹരിച്ച ശേഷം സുനിത വർമ്മ പെണ്‍കുട്ടിയെ ജയ്പൂരിലേക്ക് അയക്കാന്‍ ശ്രമിച്ചു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതായും പരാതിയിൽ പറയുന്നു.

കേസിൽ ഹീരാ ലാല്‍, പൂനം ചൌധരി എന്ന രണ്ട് സർക്കാർ ജീവനക്കാർ പിടിയിലായിട്ടുണ്ട്. രാജസ്ഥാനിലെ സര്‍ക്കാരിന് കേസിലെ ബിജെപി ബന്ധം മാത്രമാണ് കാണാനാവുന്നതെന്നാണ് ബിജെപി വക്താവും പാര്‍ലമെന്‍റ് അംഗവുമായ രാജ്യവര്‍ധന്‍ റാത്തോഡ് ട്വീറ്റ് ചെയ്തിട്ടുള്ളത്. സ്ത്രീകളെ ദുരുപയോഗിക്കുന്നത് ആരാണെങ്കിലും എവിടെയാണെങ്കിലും പൊറുക്കാനാവുന്നതല്ലെന്നുമാണ് റാത്തോഡ് ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം 22-നാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. ബാക്കി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Top