ഇരയായ പെണ്‍കുട്ടി മൊഴി മാറ്റിയതോടെ ശാസ്ത്രീയ തെളിവിലൂടെ പ്രതിയെ കുരുക്കി കോടതി

ആലപ്പുഴ: ലൈംഗികപീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയപ്പോള്‍ ശാസ്ത്രീയ തെളിവിലൂടെ പ്രതിയെ കുരുക്കി കോടതി. ആലപ്പുഴ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപ കേശനാണ് ശാസ്ത്രീയ തെളിവിലൂടെ തമിഴ്‌നാട് സ്വദേശിയായ മാരിയപ്പ (24)നെ മാതൃകാപരമായി ശിക്ഷിച്ചത്.

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി പിന്നീട്, ഗര്‍ഭച്ഛിദ്രം നടത്തി. വിസ്താരത്തിനിടയില്‍ പെണ്‍കുട്ടി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറയുകയായിരുന്നു. എന്നാല്‍ കോടതി ഡി.എന്‍.എ.പരിശോധനയിലൂടെ ഗര്‍ഭത്തിനുത്തരവാദി മാരിയപ്പനാണെന്ന് കണ്ടെത്തി.

അടുത്ത ബന്ധുക്കളോ മാപിതാക്കളോ ഇല്ലാത്ത തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടി ഒരുവര്‍ഷം മുന്‍പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിക്ക് മൂന്നുകേസുകളിലായിട്ടാണ് ശിക്ഷവിധിച്ചത്. ബലാത്സംഗം, ഗര്‍ഭിണിയാക്കല്‍, ഗര്‍ഭച്ഛിദ്രം എന്നിവയെല്ലാം ശിക്ഷയ്ക്ക് കാരണങ്ങളായി. മൂന്നു കുറ്റങ്ങളുടെ ശിക്ഷയും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. പോക്‌സോ കേസുകളില്‍ മിക്കവാറും സമ്മര്‍ദത്തെത്തുടര്‍ന്ന് ഇര മൊഴിമാറ്റുന്ന അവസ്ഥയുണ്ടാവാറുണ്ട്. എന്നാല്‍, ഇത്തരം കേസുകളില്‍ ശാസ്ത്രീയ തെളിവ് കുരുക്കാകുമെന്ന സൂചനയാണ് ഈ കേസ് നല്‍കുന്നതെന്ന് കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.സീമ പറഞ്ഞു. ശാസ്ത്രീയതെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷവിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസാണിതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

Top