പീഡനകേസ്: ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല, 2021ലേയ്ക്ക് മാറ്റി

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു. കേസില്‍ ഡി.എന്‍.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

ഡി.എന്‍.എ. പരിശോധന ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 29നായിരുന്നു ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

മുംബൈയിലെ ദിന്‍ദോഷി കോടതിയാണ് ബലാത്സംഗകേസ് പരിഗണിക്കുന്നത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്നാണ് ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ യുവതി പറയന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയ് വിസമ്മതിച്ചെങ്കിലും പിന്നീട് കോടതിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് രക്തസാമ്പിള്‍ നല്‍കുകയായിരുന്നു. ഇതിനിടെയാണ് തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

Top